പ്രഭാസിനെ കൊണ്ടു വന്നില്ലെങ്കില്‍ താഴേക്ക് ചാടും; സെല്‍ഫോണ്‍ ടവറിന് മുകളില്‍ കയറി ആരാധകന്റെ ആത്മഹത്യാഭീഷണി

സിനിമാ താരങ്ങളുടെ ഡൈ ഹാര്‍ഡ് ഫാന്‍സ് പലപ്പോഴും കുഴപ്പങ്ങള്‍ വരുത്തി വെയ്ക്കാറുണ്ട്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളില്‍ സ്വന്തം രക്തം കൊണ്ട് തിലകം തൊടുന്നതും, താരത്തിന്റെ ആയുരാരോഗ്യത്തിനായി മണ്ണിലിട്ട ഭക്ഷണം കഴിക്കുന്നതും തുടങ്ങി അടുത്തിടെ ആരാധകര്‍ നടത്തിയ കാട്ടിക്കൂട്ടലുകള്‍ എണ്ണാവുന്നതിലപ്പുറമാണ്.

ഇപ്പോഴിതാ സാഹോ താരം പ്രഭാസിനെ കാണണമെന്ന ആവശ്യവുമായി സെല്‍ഫോണ്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ആരാധകന്റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തെലങ്കാനയിലെ ജനകത്തിലാണ് സംഭവം അരങ്ങേറിയത്. തനിക്ക് കാണാനും സംസാരിക്കാനുമായി പ്രഭാസിനെ വരുത്തണമെന്നായിരുന്നു ആരാധകന്റെ ആവശ്യം.

ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ജീവത്യാഗം ചെയ്യുമെന്നും ആരാധകന്‍ ഭീഷണി മുഴക്കി. ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് യാതൊരു റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടില്ല.