'ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കപ്പേള വിറ്റത്'; സിനിമയുടെ അന്യഭാഷാ റീമേക്ക് തടഞ്ഞ് കോടതി

മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’യുടെ അന്യഭാഷാ റീമേക്കുകള്‍ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിയല്‍ ഉള്‍പ്പെടെ ഒരുങ്ങുന്ന റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങള്‍ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖില്‍ എന്നിവര്‍ പ്രതികരിച്ചു. നേരത്തെ തന്നെ തങ്ങളുടെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നതായും ഇവര്‍ പറയുന്നു.

കപ്പേളയുടെ ഷൂട്ടിംഗിന് മുമ്പും ശേഷവും രചയിതാക്കള്‍ എന്ന ക്രെഡിറ്റില്‍ നിന്നും തങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ബുദ്ധിയുമായാണ് നിര്‍മ്മാതും സംവിധായകനും നീങ്ങിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒരാള്‍ മറ്റൊരാളെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്. ഒരു കഥയും തിരക്കഥയും മാത്രം പോരല്ലോ ഒരു കഥയും സിനിമയാവാന്‍, അതിനു പണവും ആവശ്യമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമാ മേഖലയിലുള്ള തകര്‍ച്ച നേരില്‍ കണ്ടത് കൊണ്ടാണ് ‘കപ്പേള’ എന്ന സിനിമയുടെ മലയാള പതിപ്പിനു നേരെ ഒരു തരത്തിലുള്ള നിയമനടപടികള്‍ക്കും മുതിരാതിരുന്നത്. ഇപ്പോള്‍ മറ്റു ഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകള്‍ രചയിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വില്‍ക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ തങ്ങള്‍ ചതിക്കപ്പെടുന്നത് പണത്തില്‍ മാത്രമല്ല, അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്.

അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് നീതിക്കായി കോടതിയില്‍ എത്തിയത് എന്ന് രചയിതാക്കള്‍ പറഞ്ഞു. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കപ്പേള 2020ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ അനിഖ സുരേന്ദ്രന്‍ ആണ് നായികയാവുന്നത്.