നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്

ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമൺപ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് വാറണ്ട്.

മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിൻ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നൽകാൻ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമൻസ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്.

സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോൾ താരത്തെ കോടതിയിൽ ഹാജറാക്കാനാണ് കോടതി ആവശ്യം. കേസിൽ അടുത്ത വാദം ഫെബ്രുവരി 10നാണ്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, സോനു സൂദ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലൻസുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സൊനു സൂദ് ആന്ധ്ര മുഖ്യമന്ത്രി നായിഡുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Read more