സിനിമാ ടിക്കറ്റിന് ഇന്നു മുതല്‍ കൂടുതല്‍ വില നല്‍കണം; നിരക്ക് കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നു മുതല്‍ തിയേറ്റര്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു നിരക്ക് വര്‍ദ്ധിക്കുക. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. ടിക്കറ്റുകളില്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു വഴങ്ങാന്‍ തിയേറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണിത്.

സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയേറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോറിറ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല.

സിനിമാടിക്കറ്റിനു മേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28- ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജിഎസ്ടി ഫലത്തില്‍ 18% ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്.