അമ്പരപ്പിച്ചു, വന്യം എന്ന് ഒറ്റവാക്കില്‍ പറയാം; മൂന്നു ദിനങ്ങള്‍ പിന്നിട്ട് ചോല, പ്രേക്ഷക പ്രതികരണം

വിജയകരമായ മൂന്നുദിനങ്ങള്‍ പിന്നിട്ട് സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ചോല മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. കഥാപാത്രങ്ങളായി വേഷമിട്ടവര്‍ അമ്പരപ്പിച്ചെന്നും മികച്ച സംവിധാനമാണെന്നും പ്രശംസിച്ച് പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായ വെനീസ് ചലച്ചിത്ര മേളയില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല. ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അവതരിപ്പിക്കുന്നത്.

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ എസ് ദുര്‍ഗ, ഒഴിവു ദിവസത്തെ കളി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കിയ ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.