പീഡന പരമ്പര നടത്തിയ വൈരമുത്തുവിന് ഡോക്ടറേറ്റ് കൂടി നല്‍കണം: വിമര്‍ശനവുമായി ചിന്‍മയി

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ. പീഡനങ്ങളുടെ പരമ്പര തന്നെ നടത്തിയ വൈരമുത്തുവിന് ഡോക്ടറേറ്റ് കൂടി നല്‍കണമെന്ന് ചിന്‍മയി ട്വീറ്റ് ചെയ്തു.

ചെന്നൈയിലെ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമര്‍ശനം. താനടക്കം ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാല്‍ ഈ അവഗണന ആദരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ചിന്‍മയി കുറ്റപ്പെടുത്തി.

“”ഒരു വര്‍ഷമായി പരാതി ആവര്‍ത്തിക്കുന്നു. എന്നാല്‍ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത”” എന്ന് ചിന്‍മയി ട്വീറ്റ് ചെയ്തു.