വിശാലിന്റെ കൈക്കൂലി ആരോപണം: ഉദ്യോഗസ്ഥര്‍ കുടുങ്ങും, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

‘മാര്‍ക്ക് ആന്റണി’ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തന്റെ സിനിമ സെന്‍സര്‍ ചെയ്യാന്‍ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് വിശാല്‍ പറയുന്നത്.

മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം എന്നും വിശാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.

ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ച് എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. നടന്‍ വിശാല്‍ ഉയര്‍ത്തിയ കൈക്കൂലി ആരോപണം തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രാലയത്തിന്റെ പോസ്റ്റില്‍ പറയുന്നത്.

അഴിമതിയോട് സര്‍ക്കാറിന് സഹിഷ്ണുതയില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അന്വേഷണത്തിനായി ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടായവര്‍ jsfilms.inb@nic.in ഇ-മെയിലില്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.