മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

കണ്ണുകളിൽപോലും അഭിനയം നിറഞ്ഞൊഴുകുന്ന നടൻ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ ഈ നടനവിസ്മയം കഥാപാത്രങ്ങളുടെ സൂക്ഷ്മസവിശേഷതകൾപോലും ഉള്ളിലേക്ക് ആവാഹിച്ചാണ് അഭിനയിക്കാറുള്ളത്. അതുതന്നെയാവാം എത്രകാലം കഴിഞ്ഞാലും മോഹൻലാൽ അവതരിപ്പിച്ച വേഷങ്ങൾ ഒരിക്കലും മറന്ന് പോകാത്തവിധം പ്രേക്ഷകരോടടുത്ത് നിൽക്കാനുള്ള കാരണവും. പേരിനൊപ്പം ഏട്ടൻ ചേർത്ത് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന ലാലേട്ടന് ഇന്ന് 64 ആം പിറന്നാൾ. നിരവധി സൂപ്പർ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകൾ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം. മോഹൻലാലിന്റെ കരിയറിലെ ഒഴിച്ചുകൂടാനാകാത്ത സിനിമകളിൽ 10 സിനിമകൾ നോക്കാം.

1986-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് രാജാവിന്റെ മകൻ. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനമാണ് നിർമിച്ചത്. ഡെന്നീസ് ജോസിന്റേതാണ് തിരക്കഥയും സംഭാഷണവും. 1986-ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമായ രാജാവിന്റെ മകൻ, മോഹൻലാൽ എന്ന അഭിനേതാവിനെ സൂപ്പർ സ്റ്റാർ നായകപദവിയിലേക്ക് ഉയർത്തിയ ചിത്രം കൂടിയാണ്.

എസ്.എൻ. സ്വാമി തിരക്കഥയൊരുക്കി കെ. മധു സംവിധാനം നിർവഹിച്ച ചിത്രമായ ഇരുപതാം നൂറ്റാണ്ട് 1987 ലാണ് പുറത്തിറങ്ങിയത്. മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ചിത്രമാണിത്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ സിനിമയാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. സത്യൻ അന്തിക്കാടിന്റെ തന്നെ സിനിമയായ പട്ടണപ്രവേശം, പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങിയിരുന്നു.

1988ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രിയദർശൻതന്നെയാണ്. മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം പ്രേക്ഷകരിൽ നൊമ്പരമായി മാറുകയായിരുന്നു.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയാണ് കിരീടം. 1989ലാണ് സിനിമ പുറത്തിറങ്ങിയത്. സിനിമയിലെ കോൺസ്റ്റബിൾ അച്യുതൻ നായരേയും മകൻ സേതുമാധവനേയും ആരും മറന്നുകാണാൻ വഴിയില്ല. കിരീടത്തിലെ ചില ഡയലോഗുകൾ തമാശക്കെങ്കിലും ആളുകൾ ഇപ്പോഴും പറയാറുണ്ട്. കിരീടത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയുണ്ടായി.

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് 1993 ൽ പുറത്തിറങ്ങിയ ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

1995ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ഈ ചിത്രത്തിലുണ്ടായിരുന്നു. സ്ഫടികത്തിലെ തിലകൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ഉജ്ജ്വലമായ അഭിനയം സിനിമയെ ബോക്‌സ് ഓഫീസ് ഹിറ്റാക്കിത്തീർത്തു. ചിത്രം ഈയിടെ റീ-റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

2000ത്തിൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് നരസിംഹം. അന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമയെന്ന റെക്കോർഡ് നരസിംഹം സ്വന്തമാക്കി. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 100 ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട നരസിംഹത്തിലെ പാട്ടുകളും വലിയ ജനപ്രീതി നേടി.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘നരൻ’. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ദേവയാനി, ഭാവന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് പുലിമുരുകൻ. വനത്തിൽ പുലികളുമായി ഏറ്റുമുട്ടി നാടുകാക്കുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജികുമാറാണ്. 2016ൽ പ്രദർശനത്തിനെത്തിയ പുലിമുരുകൻ ആകെ 152 കോടിയോളം രൂപ ആഗോളതലത്തിൽ നേടി.

80ളിലും 90കളിലുമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്ത മോഹൻലാലിന്റെ കരിയറിലെ 10 സിനിമകൾ മാത്രം തിരഞ്ഞെടുക്കുക വലിയ പ്രയാസമുള്ള കാര്യമാണ്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച മലയാളത്തിന്റെ നടനവിസ്മയം എന്ന ഖ്യാതിക്ക് ഇന്നും അർഹനാണ് അദ്ദേഹം. ആറാംതമ്പുരാൻ, കാലാപാനി, ദേവദൂതൻ, വന്ദനം, ഭ്രമരം, ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഏയ് ഓട്ടോ, വരവേൽപ്പ്, തൂവാനത്തുമ്പികൾ എന്നിങ്ങനെ തുടങ്ങി 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള സിനിമയായ പുലിമുരുകൻ വരെ മോഹൻലാൽ മോളിവുഡിനു സമർപ്പിച്ചു.

അഭിനയം കൊണ്ടും ജനപ്രീതികൊണ്ടും എണ്ണമറ്റ സിനിമകളുടെ ഭാഗമായ മോഹൻലാൽ എന്ന നടൻ തന്റെ താരപരിവേഷത്തെ വാണിജ്യപരമായും ഉപയോഗപ്പെടുത്തുന്ന താരമാണ്. ദൃശ്യം 1, 2 ഭാഗങ്ങൾ, ഒടിയൻ, കുഞ്ഞാലിമരക്കാർ, ലൂസിഫർ തുടങ്ങി ഈ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം വാണിജ്യ സിനിമകളായിരുന്നു.

Read more

അഭിനയിക്കുമ്പോൾ ഉന്മാദാവസ്ഥയിലെത്തുന്ന നടനാണ് മോഹൻലാലെന്ന് പല സംവിധായകരും മുമ്പ് പറഞ്ഞിട്ടുണ്ട്. സിനിമയിൽ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർദേശങ്ങൾക്കപ്പുറം കഥാപാത്രങ്ങൾക്ക് സ്വന്തമായൊരു മാനം നൽകി അഭിനയിക്കാൻ കഴിവുള്ള പ്രതിഭകൂടിയാണ് അദ്ദേഹം എന്ന് നമ്മൾ കണ്ടറിഞ്ഞതിനാൽ എടുത്തു പറയേണ്ട കാര്യമില്ലല്ലോ.