ഓവര്‍ ഹൈപ്പ് മമ്മൂട്ടിക്ക് വിനയാകുമോ? ടൊവിനോയും സണ്ണി ലിയോണും വരുന്നു, ഫെബ്രുവരിയിലെ റിലീസുകള്‍ ഇവയൊക്കെ...

ഈ വര്‍ഷത്തെ ആദ്യ മാസത്തില്‍, ജനുവരിയില്‍, ആകെ 17 സിനിമകളാണ് തിയേറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിച്ച് ‘മലൈകോട്ടൈ വാലിബനും’, ‘ഓസ്‌ലറും’ എത്തിയപ്പോള്‍ ചില സിനിമകള്‍ തിയേറ്ററില്‍ മങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജനുവരിയിലേത് പോലെയല്ല ഇനി വരാനിരിക്കുന്ന റിലീസുകള്‍. ഫെബ്രുവരിയില്‍ ഗംഭീര സിനിമകളാണ് തിയേറ്ററില്‍ എത്താന്‍ പോകുന്നത്. അതില്‍ മുന്‍പന്തിയിലാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’.

ഭ്രമയുഗം മാത്രമല്ല, നിവിന്‍ പോളി, ദിലീപ് ചിത്രങ്ങളും ഫെബ്രുവരിയില്‍ റിലീസിന് എത്തുന്നുണ്ട്. ഫെബ്രുവരി മാസം 2ന് ആണ് ആദ്യ മലയാള സിനിമയുടെ റിലീസ്. മുകേഷും ഉര്‍വശിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’ ഈ വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘എല്‍എല്‍ബി’ അഥവാ ‘ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്’ എന്ന സിനിമയും ഫെബ്രുവരി 2ന് റിലീസ് ചെയ്യുന്നുണ്ട്. ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ.എം സിദ്ദിഖ് ആണ് ഈ സിനിമ ഒരുക്കുന്നത്. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുക.

സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകളോടെ എത്തിയ ട്രെയ്‌ലര്‍ ആയിരുന്നു ‘മൃദു ഭാവേ ദൃഢ കൃത്യേ’ ചിത്രത്തിന്റേത്. ടെലിവിഷന്‍ താരം സൂരജ് സണ്‍ നായകനാകുന്ന ഈ സിനിമയും ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും. ഷാജൂണ്‍ കാര്യാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

ഫെബ്രുവരി 9ന് എത്തുന്ന ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ആണ് ഈ മാസം എത്തുന്ന വലിയ റിലീസുകളില്‍ ഒന്ന്. കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമായാണ് ചിത്രം വരുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തില്‍ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകും എന്നാണ് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലര്‍ നല്‍കിയ സൂചന. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എന്നാല്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമയ്ക്കായാണ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി പേടിക്കാനാണ് ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി എത്താനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണ്, നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ഭൂതകാലം’ എന്ന് ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ബിജു മേനോന്റെ ‘തുണ്ട്’ എന്ന സിനിമയും ഫെബ്രുവരിയില്‍ എത്തും. 16ന് ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നവാഗതനായ റിയാസ് ഫെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ വേഷമിടുന്നത്.

അതേസമയം, ഈ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പ് ഭ്രമയുഗത്തിനാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ അപ്‌ഡേറ്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമകള്‍ കൂടാതെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ദിലീപ് ചിത്രം ‘തങ്കമണി’ എന്നീ ചിത്രങ്ങളും ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.