'അവന്റെ ഈ ചോരയും വിയര്‍പ്പും ഈ തിയേറ്റര്‍ പ്രതികരണങ്ങള്‍ അല്ല ഡിസര്‍വ് ചെയ്യുന്നത്'

മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി അവലംബിച്ച് കൊണ്ടാണ് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി മറിയം വന്ന് വിളക്കൂതി അണിയിച്ചൊരുക്കിയത്. എന്നാല്‍ സിനിമ അര്‍ഹിക്കുന്ന വിജയം നേടാത്ത സാഹചര്യത്തില്‍ ലൈവ് വിഡിയോയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ചിത്രം എല്ലാവരിലേയ്ക്കും എത്താത്തതിലുള്ള വിഷമം ജെനിത് പങ്കുവച്ചു.

ജെനിത്തിന്റെ ലൈവ് വിഡിയോ കണ്ട് സുഹൃത്തും സംവിധായകനുമായ ബിലഹരി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രം ഒരുക്കാനായി ജെനിത് എടുത്ത പരിശ്രമങ്ങളും നേരിടേണ്ടി വന്ന ദുരിതങ്ങളുമൊക്കെ ബിലഹരി കുറിപ്പില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ജെനിത്തിനെ കുറിച്ചാണ് , അവന്റെ മറിയം വന്നു വിളക്കൂതിയുടെ സംഘട്ടനത്തെ കുറിച്ചാണ്, ഇപ്പോള്‍ ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല; പക്ഷേ അവന്റെ ലൈവ് വിഡിയോ കണ്ടോ കണ്ടപ്പോള്‍ കൂടുതല്‍ സങ്കടായി.

ഏകദേശം 2015 ല്‍ ആണ് “മൂഡ് പടം ” എന്ന ജെനിത്തിന്റെ സിനിമ ഐഡിയ ആദ്യമായി കേള്‍ക്കുന്നത് കേട്ടപ്പോള്‍ തന്നെ കഥാ പ്രമേയം സ്ട്രൈക് ചെയ്തു. റേഡിയോയില്‍ സ്വസ്ഥമായി ശമ്പളവും വാങ്ങി അടിപൊളിയായി ജീവിച്ചിരുന്നതിനിടയില്‍ , ചെയ്ത ചില ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് ലഭിച്ച അംഗീകാരം , പിന്തുണ എല്ലാം അവനില്‍ ഒരുസ്ഥിര പരിശ്രമിയായ സിനിമാ തൊഴില്‍ രഹിതനെ സൃഷ്ടിച്ചിരുന്നു .

“മൂഡ് പടം ” ഒരു വെടിമരുന്ന് തന്നെ ആയിരുന്നു , അതിനിടയില്‍ പല തിരക്കഥകളും ചെയ്തെങ്കിലും ഏകദേശം 2016-ന്റെ അവസാനത്തിലാകണം “മൂഡ് പടം ” മന്ദാകിനി എന്ന പേരില്‍ സിനിമയാക്കപ്പെടാന്‍ തീരുമാനിച്ചത് . പിന്നീട് അഭിനേതാക്കളെ അന്വേഷിക്കുമ്പോള്‍ ഞാന്‍ പോരാട്ടം ചെയ്തു കഴിഞ്ഞിരിക്കുകയാണ് പ്രശോഭിന്റെ ലില്ലി ഷൂട്ട് തുടങ്ങാന്‍ പോണു.

മന്ദാകിനി ഓണ്‍ ആയിട്ടില്ല അങ്ങനെ സജാസ് മന്ദാരം എഴുതി , പോരാട്ടം കംപ്ലീറ്റ് ആയി , ലില്ലി ഷൂട്ട് ഒക്കെ കഴിഞ്ഞപ്പോഴേക്കും മന്ദാകിനി സ്റ്റാര്‍ട്ടിങ് ആയി . 2017 ല്‍ ജെനിത് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി , സ്റ്റോറി ബോര്‍ഡ് വരയ്ക്കുന്നു , വീടിനകത്തെ വാള്‍പേപ്പറിനു ഡിസൈന്‍ നോക്കുന്നു , അഭിനേതാക്കളെ ഫിക്‌സ് ചെയ്യാന്‍ തുടങ്ങുന്നു അതിനിടയില്‍ ഞാനും സുഹൃത്തുക്കളും പ്ലാന്‍ ചെയ്ത ഒരു വലിയ സിനിമ മാറി പോകുന്നു. ഞാന്‍ പതുക്കെ അള്ളു രാമേന്ദ്രനിലേക്ക് കേറുന്നു , ലില്ലി റിലീസാകുന്നു. അപ്പോഴും ജെനിത് കുറച്ചു കഴിവുള്ള സിനിമാ സുഹൃത്തുക്കളുമായി മന്ദാകിനിയുടെ തകൃതിയായ പ്രീ പ്രൊഡക്ഷന്‍ പദ്ധതികളിലാണ്.

ആ സമയം മന്ദാകിനിയില്‍ പ്രധാന കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്ന താരം അപ്രതീക്ഷിതമായി പിന്‍വാങ്ങി. പ്ലാനുകള്‍ കുറച്ചു നാളേക്ക് സ്ലോ ആയെങ്കിലും ദൃഢ നിശ്ചയത്തോടെ ജെനിത് പുതിയ കരുക്കള്‍ മുന്നോട്ട് വച്ച് സിനിമ മുന്നോട്ടു കൊണ്ട് പോയി, പെര്‍ഫെക്റ്റ് പേപ്പര്‍ വര്‍ക്കുകള്‍ ആയിരുന്നു അവരുടെ. ഫ്‌ലാറ്റ് വിസിറ്റ് ചെയ്യുമ്പോള്‍ ഇവരുടെ മുന്നൊരുക്കം കണ്ടു കിളി പോയിട്ടുണ്ട്. ഹോളിവുഡ് സിനിമകളുടെ അനിമേഷന്‍ വിഭാഗവുമായി അഡ്വാന്‍സ് കൊടുത്തു എഗ്രിമെന്റും വച്ചു .ഒടുവില്‍ ഷൂട്ട് തുടങ്ങി.

ഏകദേശം പത്തിനടുത്ത ദിവസങ്ങള്‍ ജെനിത്തിന് ചിക്കന്‍പോക്‌സ് വന്നു ഷൂട്ട് ബ്രേക് ആവുന്നു , പിന്നീട് ഫണ്ടിന്റെ ചില തടസങ്ങളും , മറ്റു ആശയക്കുഴപ്പങ്ങളും നടക്കുന്നതിനിടയ്ക്ക് കാമറാമാന്‍ , അസി. ഡയറക്ടേര്‍സ് , അസോസിയേറ്റ് അങ്ങനെപല കാരണങ്ങളാല്‍ പലരും മാറിപ്പോകുന്നു . ഷൂട്ട് അനന്തമായി നീളുന്നു.

ഇതിനിടയില്‍ ലില്ലി റിലീസാകുന്നു , പല അട്ടിമറികളും ടെന്‍ഷനുകളും , കാലതാമസവും മറി കടന്ന് വീണ്ടും ഷൂട്ട് തുടങ്ങുന്നു , അതിനിടയില്‍ അനിമേഷന്‍ ടീമും മറ്റു പല ടെക്‌നിക്കല്‍ ടീമും പല കാരണങ്ങളാല്‍ ബാക്ക് ചെയ്യുന്നു . ജെനിത്തിനു ടീം മൊത്തമായും ചില്ലറയായും നഷ്ടപ്പെടുന്നു. എങ്ങനെയൊക്കെയോ പുതിയ ക്രൂവുമായി ഷൂട്ട് തീര്‍ക്കുന്നു.

ഫുള്‍ ഗ്രീന്‍ സ്‌ക്രീന്‍ കളി ആയയുകൊണ്ട് ജനിതിന്റെ തലയിലാണ് മുഴുവന്‍ പദ്ധതികളും ഉണ്ടായിരുന്നത് , ഷൂട്ടിനിടയില്‍ അത് കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചിരുന്നെങ്കിലും അവന്‍ കോണ്‍ഫിഡന്റ് ആയിരുന്നു അതിനിടയിലെ ആയിരം കോംപ്രമൈസുകള്‍ക്കിടയിലും. ഷൂട്ട് തീര്‍ന്നല്ലോ ഇനി പടം റിലീസ് ആയിക്കോളും എന്ന് എല്ലാവരും കരുതി.

അള്ളു രാമേന്ദ്രന്‍ ഷൂട്ട് തുടങ്ങി, അടുത്ത ഷെഡ്യൂള്‍ തുടങ്ങി പൂര്‍ത്തിയായി . 2018 കാലം. ആ സമയത്തൊക്കെ ജനിതിനെ കാണാന്‍ പോലും കിട്ടില്ല. കലക്ടറുടെ പോലത്തെ ഓട്ടമായിരുന്നു. പൈസയുടെ ഇഷ്യുവില്‍ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ പൂട്ടി വച്ചതടക്കം സങ്കടങ്ങള്‍ ഒരുപാടായിരുന്നു. അവന് ഫസ്റ്റ് കട്ട് പുതിയ നിര്‍മാതാക്കളെ കാണിക്കാന്‍ പോകല്‍ , അഗ്‌നി പരീക്ഷ ചെയ്തു ഒരു സിനിമ ഓണ്‍ ആക്കിയ ശേഷം ഷൂട്ട് ചെയ്ത സിനിമയുടെ കഥ ദിവസവും പുതിയ ഇന്‍വസ്റ്റേര്‍സിനോട് , വിതരണക്കാരോടൊക്കെ പറയുക, അവരുടെ ക്ലാസ്സെടുക്കല്‍ കേട്ട് ഒന്നുമൊന്നും എത്താതെ നിരാശ മാറ്റി വീണ്ടും പണിയെടുക്കുക അതായിരിന്നു ഡ്യൂട്ടി.

അള്ളു റിലീസായി , ഗിരീഷ് തണ്ണീര്‍മത്തന്‍ ചെയ്തു , പല തിരക്കഥകളില്‍ നിന്ന് പ്രശോഭ് ഒരു സ്‌ക്രിപ്റ്റിലെത്തി അത് ഷൂട്ട് തുടങ്ങി , വര്‍ഷം എത്ര മാറി എന്നോര്‍ക്കണം . പരാതികളും പരിഭവവുമില്ലാതെ ജെനിത് അതിനിടയില്‍ കല്യാണവും കഴിച്ചു, സിനിമയ്ക്ക് വേണ്ടി ഓടുകയാണ്. പുതിയൊരു സിനിമ ഗ്യാപ്പില്‍ തുടങ്ങാനല്ല മന്ദാകിനിക്ക് വെളിച്ചം പകരനായിരുന്നു അവന്റെ ഓട്ടം. ആയിരം റിജക്ഷന്‍ ഈ കാലയളവില്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പാവം , ഒപ്പം മന്ദാകിനി മറിയം വന്നു വിളക്കൂതിയായി പുനര്‍നാമകരണപ്പെട്ടു.

അന്വേഷണം ഷൂട്ട് കഴിഞ്ഞു. ജനിതിന്റെ മറിയം വന്നു വിളക്കൂതിയിലെ സഹസംവിധായകന്റെ സിനിമയുടെയും ഷൂട്ട് കഴിഞ്ഞു. എല്ലാവരും മൂന്നാമത്തെ സിനിമകളുടെ ചര്‍ച്ചയിലായി, മ്യൂസിക് – പ്ലാന്‍ ചെയ്ത സാറ്റലൈറ്റ് മാര്‍ക്കറ്റ് എല്ലാം പാളി എ ടീം പോയ് ബി ടീം വന്ന് , അവര് പോയി സി ടീം വന്നു.

പടം കുടില്‍ വ്യവയാസം പോലെ ചെറു സംഘങ്ങളെ വച്ച് ജെനിത് പൂര്‍ത്തിയാക്കുമ്പോഴും “ആ സിനിമ ഒരിക്കലും റിലീസാവില്ലെന്നു ” വരെ പറഞ്ഞ പലരുമുണ്ട്. പല പ്രിവ്യൂകളും റിലീസിന് വഴിയൊരുക്കിയില്ല , കൊലപാതക കേസില്‍ ഡമ്മി ഇട്ടു നോക്കുന്ന പോലെ പല തവണ സിനിമയുടെ ഉപ്പുനോക്കിയിട്ടുണ്ട് പലരും. ജെനിത് കരയുന്നത് കണ്ടിട്ടുണ്ട്.

അപ്പോഴും അവന്റെ കൈച്ചൂടില്‍ മറിയം മാത്രമായിരുന്നു . ചരിത്രത്തിലാദ്യമായി പ്രൊമോഷന് സൗജന്യമായി ഫിലിം വര്‍ക്ഷോപ്പ് വരെ ജെനിത് സംഘടിപ്പിച്ചു . ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ഇത്രേം കടമ്പകളില്‍ ചതഞ്ഞു ഒരു വികലമായ കലാസൃഷ്ടി ആയി മാറേണ്ടിയിരുന്ന ചിത്രം കൂട്ടുകാരന്റെ അന്വേഷണത്തോടൊപ്പം നല്ല പ്രതികരണങ്ങളോടെ തലയെടുപ്പോടെ ആണ് റിലീസായത്.

അവന്റെ ഈ ചോരയും വിയര്‍പ്പും ഈ തിയറ്റര്‍ പ്രതികരണങ്ങള്‍ അല്ല ഡിസര്‍വ് ചെയ്യുന്നത്. സിനിമയെ സ്‌നേഹിക്കുന്ന എല്ലാരോടും , ഇനീം വൈകീക്കിട്ടില്ല പോവുക . പോയ് തിയറ്റര്‍ നിറയ്ക്കുക , ഒരു മിറാക്കിള്‍ മറിയത്തിനിപ്പോള്‍ ആവശ്യമാണ് അവനോടൊപ്പം അവന്റെ കൂടെ കട്ടയ്ക്കു നിന്ന പങ്കാളി ആണ് രാജേഷ് അഗസ്റ്റിന്‍ എന്ന നിര്‍മാതാവ് , പിന്നെ കുടുംബം , സുഹൃത്തുക്കള്‍ അവര്‍ക്കെല്ലാം വേണ്ടി നിങ്ങള്‍ ഈ ചിത്രത്തെ വിജയിപ്പിക്കാന്‍ ഒരുമിക്കണം ആത്മാര്‍ഥമായി സിനിമയെ സ്‌നേഹിക്കുന്നവര്‍ എല്ലാരും വിജയിക്കട്ടെ , ഒപ്പം അന്വേഷണവും കണ്ട് വിജയിപ്പിക്കുക . നന്ദി

Nb : ഞാന്‍ ചുരുക്കി പറഞ്ഞതിനേക്കാള്‍ എത്രയോ ഭീകരവും , നീണ്ടതുമാണ് ജെനിതും സംഘവും അനുഭവിച്ചിട്ടുണ്ടാവുക എന്നതാണ് വാസ്തവം !

Read more