ഭരത് മുരളി-മീഡിയ ഹബ് അവാര്‍ഡ്: മികച്ച നടന്‍ വിനോദ് കോവൂര്‍, സംവിധായകന്‍ കലന്തന്‍ ബഷീര്‍, രണ്ട് അവാര്‍ഡുകള്‍ നേടി ‘അദൃശ്യം’

ഭരത് മുരളി-മീഡിയ ഹബ് നടത്തിയ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ‘അദൃശ്യം’ എന്ന ഷോര്‍ട്ട് ഫിലിമിന് രണ്ട് അവാര്‍ഡ്. മികച്ച നടനായി വിനോദ് കോവൂരിനെയും സംവിധായകനായി കലന്തന്‍ ബഷീറിനെയും തിരഞ്ഞെടുത്തു.

മികച്ച ചിത്രം ചെറുനാരങ്ങ, സംവിധാനം കിഷോര്‍ മാധവന്‍. മികച്ച നടി രചന നാരായണന്‍കുട്ടി. ത്രൂ ഹെര്‍ അയ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രകടനത്തിനാണ് അവാര്‍ഡ്.

നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ (ജൂറി ചെയര്‍മാന്‍ ) ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ഹരീഷ് മണി, നടനും സംവിധായകനുമായ അനുറാം, മീഡിയ ഹബ് വൈസ് ചെയര്‍മാന്‍ എ.കെ നൗഷാദ് (ജൂറി മെമ്പര്‍) എന്നിവരടങ്ങിയ ജൂറി പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ ആറ്റിങ്ങലില്‍ നടക്കുന്ന പ്രോഗ്രാമില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. അദൃശ്യം ഷോര്‍ട്ട് ഫിലിമിന്റെ സസ്‌പെന്‍സും സന്ദേശവും നിറഞ്ഞ കഥ സൈക്കിള്‍ യാത്രക്കാരനിലൂടെയാണ് മുന്നോട്ടു പോകുന്നത്. സനൂജ സോമനാഥ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.