ഫെഫ്കയ്ക്ക് മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണന്‍, വിശദീകരണം ആവശ്യപ്പെട്ടു

ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ ഫെഫ്കയുടെ ഇടപെടല്‍. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നടന്‍ ബിനീഷ് ബാസ്റ്റിന്‍ മുഖ്യാതിഥിയായി എത്തുന്ന വേദിയില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവും സിനിമാ സംവിധായകനുമായ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയും. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയതോടെ സംഘാടകര്‍ വെട്ടിലായി. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചു പോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് വക വെച്ചില്ല. സംഘാടകരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വേദിയിലെത്തിയ ബിനീഷ് സ്റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.