'മഞ്ഞിന്‍ തൂവല്‍ മന്ദാരം പോല്‍..'; അവിയലിലെ ഗാനം പുറത്ത്

ജോജു ജോര്‍ജും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അവിയല്‍’ ചിത്രത്തിലെ ഗാനം പുറത്ത്. 80-90 കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ഗാനമാണ് എത്തിയിരിക്കുന്നത്. നിസാം ഹുസൈന്റെ വരികള്‍ക്ക് ശരത് ആണ് സംഗീതം ഒരുക്കിയത്. കെ.എസ് ചിത്രയും ഉണ്ണി മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പോക്കറ്റ് എസ്‌ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മിച്ച് ഷാനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയല്‍. പുതുമുഖമായ സിറാജ്ജുദ്ധീന്‍, കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാല ഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍-മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയല്‍.

സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍, ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. റഹ്‌മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്, പി.ആര്‍.ഒമഞ്ജു ഗോപിനാഥ്.