ബാലയുടെ വീടിന് നേരെ ആക്രമണ ശ്രമം!

നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാല പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്നാണ് ബാല പറയുന്നത്. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.

വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു. അയല്‍ വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഫ്ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നാണ് ബാല പറയുന്നത്. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.

Read more

ദിവസങ്ങള്‍ക്ക് മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തുവെന്നും ബാല പറയുന്നുണ്ട്.