രണ്ടാം വിവാഹ വാര്‍ഷിക ദിനാഘോഷം അസിന്‍ പങ്കുവച്ചത് വിവാഹമോതിരം മകളുടെ കുഞ്ഞിക്കാലില്‍ അണിയിച്ച്

സോഷ്യല്‍ മീഡിയയില്‍ അസിന്റെ മകളുടെ ചിത്രമാണ് വൈറല്‍. അതിന് ഒരു കാരണവുമുണ്ട്. തെന്നിന്ത്യന്‍ സിനിമാതാരം അസിന്റെയും ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയുടെയും രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു ചിത്രം പങ്ക് വെച്ചാണ് അസിന്‍ തന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹമോതിരം മകളുടെ കുഞ്ഞിക്കാലില്‍ അണിയിച്ചാണ് അസിന്‍ സന്തോഷം പങ്കുവെച്ചത്.

വിവാഹനാളില്‍ അസിന്റെ വിരലില്‍ രാഹുല്‍ ശര്‍മയണിയിച്ച മോതിരമാണത്. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നു, ഇപ്പോള്‍ ഞങ്ങള്‍ മൂന്നുപേരാണ് എന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയര്‍ അസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അസിനു കുഞ്ഞു പിറന്നത്. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിട്ടില്ല. മകള്‍ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അസിന്‍ ലോകത്തെ അറിയിച്ചത്. ശേഷം നടന്‍ അക്ഷയ് കുമാറും അസിനു മകള്‍ പിറന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്. 2016 ജനുവരിയിലാണ് രാഹുല്‍ ശര്‍മയും അസിനും വിവാഹിതരായത്.