ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടെത്തിക്കുക തിരുത്താനാവാത്ത തെറ്റിലേക്ക്; 'അശനിപാതം' വൈറലാകുന്നു

രാജ്യത്ത് കോവിഡ് രോഗികള്‍ അതിവേഗം വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രം 608 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 396 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കോവിഡ് 19 പ്രതിരോധ സന്ദേശമുയര്‍ത്തി സംവിധായകന്‍ യൂസഫ് മുഹമ്മദ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം “അശനിപാതം” “സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് 19ന് എതിരെയുള്ള പ്രതിരോധ സന്ദേശമാണ് ചിത്രത്തിന്റെ പ്രമേയം. ഒരാളുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ വില നല്‍കേണ്ടി വരുന്ന കാലമാണ് ഇന്ന്. കൊറോണ മഹാമാരിയില്‍ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരിക്കലും തിരുത്താനാകാത്ത തെറ്റിലേക്ക് വീണുപോയ ഒരച്ഛന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഭയമല്ല ജാഗ്രതയാണ് അനിവാര്യമെന്ന് അശനിപാതം ചൂണ്ടിക്കാട്ടുന്നു. പ്രതിരോധം മാത്രമാണ് കോവിഡ് 19ന് എതിരെ ഇപ്പോള്‍ നമുക്ക് ചെയ്യാനുള്ളത്. ആ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് അശനിപാതത്തിന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ യൂസഫ് മുഹമ്മദ് പറയുന്നു.

ഫൈന്‍ ലൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭ ഒറ്റപ്പാല മാണ് അശനിപാതം നിര്‍മ്മിച്ചിരിക്കുന്നത്. രചനയും യൂസഫ് മുഹമ്മദ് തന്നെയാണ്. ജയപ്രകാശ്, ബേബി ആദ്യയ, സുചിത്ര മണികണ്ഠന്‍, ഉമ്മര്‍ പാലക്കാട് എന്നിവരാണ് അഭിനേതാക്കള്‍. ക്യാമറ-സുധീര്‍ ഒറ്റപ്പാലം, സംഗീതം, പശ്ചാത്തല സംഗീതം-ജാഫര്‍ ഡ്രമ്മര്‍, ആര്‍ട്ട് ടൈറ്റില്‍സ് -വിഷ്ണു നെല്ലായ, ഡിസൈന്‍സ്-വിവിഡ് മീഡിയ, പിആര്‍ഒ-പി. ആര്‍ സുമേരന്‍.