അര്‍ച്ചന കവിയുടെ ആരോപണം, നടപടിയുമായി പൊലീസ്: എസ്.എച്ച്.ഒയെ താക്കീത് ചെയ്തു

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ എസ്എച്ചഒയ്‌ക്കെതിരെ നടപടിയുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തില്‍ എസ്.എച്ച്.ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തിയതായി കമ്മീഷണറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

രാത്രി യാത്രയ്ക്കിടെ കൊച്ചി പൊലീസില്‍ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ച് അര്‍ച്ചന കവി സോഷ്യല്‍ മീഡിയയിലൂടെയാണ് രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ സ്ത്രീകള്‍ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറിയെന്നാണ് നടി വ്യക്തമാക്കിയത്.

രവിപുരത്ത് നിന്ന് ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ ആരോപണം.

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. കൊച്ചി ഡിസിപി നടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞു. എന്നാല്‍, സംഭവത്തില്‍ നടി പരാതി നല്‍കിയിരുന്നില്ല.