തിയേറ്ററുകളിൽ ഇനി തലയുടെ വിളയാട്ടം; വേൾഡ് പ്രീമിയറായി ആറാട്ട് വരുന്നു; റിലീസ് തിയതി പുറത്ത്

ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുന്നതോടെ സജീവമാകാൻ ഒരുങ്ങുകയാണ് സിനിമാ മേഖലയും. സംസ്ഥാനത്ത് തീയേറ്ററുകൾ വൈകാതെ തന്നെ തുറക്കുമെന്നാണ് റിപ്പോർട്ട്.  ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

ചിത്രം വേൾഡ് പ്രീമിയറായി ഒക്ടോബർ 14ന് തീയേറ്ററുകളിൽഎത്തുമെന്ന് അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്.

ആറാട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. “വില്ലന്‍” എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.