ഏതു വസ്ത്രം വേണമെന്നത് അത് ധരിക്കുന്ന ആളുടെ സ്വാതന്ത്ര്യമാണ്, കമന്റുകള്‍ ലിമിറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്: അപര്‍ണ ബാലമുരളി

വസ്ത്രധാരണത്തിന്റെ പേരില്‍ നടി അനശ്വര രാജന് നേരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ താരത്തെ പിന്തുണച്ച് മലയാളത്തിലെ നടിമാര്‍ രംഗത്തെത്തിയിരുന്നു. “വീ ഹാവ് ലെഗ്‌സ്” കാമ്പയ്ന്‍ വൈറലായിരുന്നു. ഏതു വസ്ത്രം വേണമെന്നത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ് അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കുകയാണ് നടി അപര്‍ണ ബാലമുരളി.

അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ധരിക്കുക. ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണും എന്നത് ശരിയാണ്, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ എന്ന് താരം ചോദിക്കുന്നു. സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോള്‍ എന്തൊക്കെ കാണുന്നുണ്ട്. ഇഷ്ടമുള്ള, യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക എന്ന് അപര്‍ണ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ഇതു പോലുള്ള കാമ്പയ്‌നുകള്‍ നല്ലതാണ്. നമ്മള്‍ ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് ആശ്വാസകരമാണ്. നമ്മളൊക്ക മനുഷ്യരാണ്, ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗര്‍ ആയതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ല എന്നും താരം പറയുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമന്റുകള്‍ ലിമിറ്റ് ചെയ്തു വെച്ചിരിക്കുകയാണെന്ന കാര്യവും അപര്‍ണ വ്യക്തമാക്കി. എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകള്‍ നെഗറ്റിവിറ്റി നല്‍കുന്നതാണ്, അത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും താരം പറയുന്നു.