തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി അവര്‍ നടത്തിയ ജീവിത സമരങ്ങള്‍, അനന്യയുടെ ജിവിതം സിനിമയാകുന്നു; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

ട്രാന്‍സ്ജന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ ജീവിത പോരാട്ടങ്ങളുടെ കഥ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പ്രദീപ് ചൊക്ലി. തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരി തന്റെ അസ്തി്ത്വ പൂര്‍ണ്ണതയ്ക്ക് വേണ്ടി നടത്തിയ ജീവിത സമരങ്ങളാണ് പ്രദീപിന്റെ പുതിയ ചിത്രത്തിന് ആധാരം.

ചിത്രത്തില്‍ അനന്യയായി ഒരു ട്രാന്‍സ്‌ജെഡര്‍ തന്നെ വേഷമിടും. ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ
സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രദീപ് ചൊക്ലി.

കഴിഞ്ഞ ദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആരോപിക്കുന്നത്. മരണത്തിന് മുമ്പ് അനന്യയും സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

പാലാരിവട്ടത്തെ റെനെ മെഡിസിറ്റി ആശുപത്രിക്കും ഇവിടത്തെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍ അര്‍ജുന്‍ അശോകിനെതിരെയുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ അര്‍ജുന്‍ അശോകും സംഘവും ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.