ആമസോണ്‍ പ്രൈം ഇനി സിനിമാനിര്‍മ്മാണത്തിലേക്കും; ആദ്യചിത്രം 'രാം സേതു'

ആമസോണ്‍ പ്രൈം വീഡിയോ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും. അക്ഷയ്കുമാര്‍ ചിത്രം “രാം സേതു” ആണ് ആമസോണ്‍ പ്രൈം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും. കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍.

രാം സേതുവിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രാമസേതു സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റര്‍ എത്തിയത്. ശ്രീരാമന്‍ നിര്‍മ്മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അയോദ്ധ്യയില്‍ ആരംഭിക്കും. ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രാം സേതുവിന്റെ കഥ തന്നെ എപ്പോഴും കൗതുകപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒന്നാണ് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രാം സേതു ശക്തി, ധൈര്യം, സ്‌നേഹം കൂടാതെ രാജ്യത്തിന്റെ ധാര്‍മ്മികവും സാമൂഹികവുമായ രൂപങ്ങള്‍ സൃഷ്ടിച്ച അതുല്യമായ ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഇന്ത്യന്‍ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗത്തിന്റെ കഥ പറയാന്‍ താന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും യുവാക്കള്‍ക്കായി, ആമസോണ്‍ പ്രൈം വീഡിയോയ്‌ക്കൊപ്പം, ഈ കഥ ഈ ഭൂഗോള അതിര്‍ത്തികള്‍ കടക്കുകയും അങ്ങനെ ലോകത്താകമാനം കാഴ്ച്ചക്കാരുടെ ഒരു ശൃംഖല ഉണ്ടാക്കുകയും ചെയ്യുമെന്നതില്‍ സന്തുഷ്ടനാണ് എന്നാണ് അക്ഷയ് പറയുന്നത്.