'ലോക സിനിമാ ചരിത്രത്തില്‍ പുതുമ ഒന്നുമില്ലാത്ത മൂന്നാമത്തെ സിനിമ..' അല്‍ഫോണ്‍സ് പുത്രന്റെ മുന്നറിയിപ്പിന് പിന്നിലെന്ത്?

തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന സംവിധായകനല്ല അല്‍ഫോണ്‍സ് പുത്രന്‍. ഒരുപാട് സിനിമകള്‍ വാരി വലിച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാമ്പുള്ള ഒന്ന് ചെയ്ത് വിജയിപ്പിച്ചാല്‍ മതി ആളുകള്‍ എന്നേക്കും ഓര്‍ത്തിരിക്കാന്‍… എന്ന് തെളിയിച്ച സംവിധായകന്‍. ആദ്യ സിനിമയായ ‘നേരം’ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോണ്‍സ് ‘പ്രേമം’ എന്ന ഹിറ്റ് സിനിമയുമായി എത്തിയത്. പ്രേമത്തോളം സെലിബ്രേറ്റ് ചെയ്യപ്പെട്ട ഒരു യൂത്തിന്റെ സിനിമ പിന്നീട് മലയാളത്തില്‍ ഉണ്ടായോ എന്നത് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ ഈ ജനറേഷനില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള സംവിധായകരില്‍ ഒരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം റിലീസ് ചെയ്ത് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് തന്റെ മൂന്നാമത്തെ മലയാള സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്.

‘ഗോള്‍ഡ്’ എന്ന സിനിമയ്ക്കായി സിനിമാസ്വാദകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നാളെ, ഡിസംബര്‍ ഒന്നിനാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. നേരത്തെ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം മാറ്റിവച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനം എന്ന് പറയുമ്പോള്‍ തന്നെ സിനിമ കാണാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജ്-നയന്‍താര കോംമ്പോയാണ് സിനിമയുടെ മറ്റൊരു ആകര്‍ഷണം. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. നയന്‍താര എത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ്.

സിനിമയുടെതായി ഒരു ടീസറും കുറച്ച് പോസ്റ്ററുകളും മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സിനിമ എന്താണെന്നോ, എങ്ങനെയാണെന്നോ യാതൊരു ഐഡിയയും ഇല്ലാതെയാണ് പ്രേക്ഷകര്‍ നാളെ സിനിമ കാണാനൊരുങ്ങുന്നത്. സിനിമയ്ക്ക് ട്രെയ്‌ലര്‍ ഉണ്ടാവില്ലെന്ന് അല്‍ഫോണ്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ പോസ്റ്റിന് വന്ന ആരാധകന്റെ കമന്റിന് മറുപടി നല്‍കിക്കൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ”ട്രെയ്‌ലര്‍ ചിലപ്പോഴേ ഉണ്ടാവുള്ളു, ഒരു പാട്ട് മിക്കവാറും റിലീസിന് മുന്നേ ഉണ്ടാകും” എന്നായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞത്. എന്നാല്‍ മാര്‍ച്ചില്‍ എത്തിയ ഒരു ടീസര്‍ അല്ലാതെ മറ്റൊരു അപ്‌ഡേഷനും സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

May be an image of 2 people, people standing and text that says "MAGIC RAMES ലോക സിനിമാ ചരിത്രത്തിൽ Pa പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. FROM TOMORROW AFILM PHONSE PUTHREN GOLD SUPRIYA MENON LISTIN STEPHEN RAJESH MURUGESAN MUSICAL primevideo prime PUTHREN MALCOLM 'SILVA AMES RELEASE FAGICFRANES MARCRING"

എങ്കിലും ഗോള്‍ഡിന്റെ അപ്‌ഡേഷനുകള്‍ ചോദിച്ച് വരുന്ന മിക്ക കമന്റുകള്‍ക്കും അല്‍ഫോണ്‍സ് പുത്രന്‍ മറുപടി കൊടുക്കാറുണ്ട്. ‘നേരത്തിനും പ്രേമത്തിനും ശേഷം ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രം’ എന്നാണ് സംവിധായകന്‍ തന്നെ ഗോള്‍ഡിനെ വിശേഷിപ്പിച്ചത്. സിനിമയുടെ എഡിറ്റിംഗ് നടക്കുമ്പോഴായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ ഈ പ്രസ്താവന. കൂടെ ഒരു മുന്നറിയിപ്പും നല്‍കി, ”യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴിക്ക് വരരുത്” എന്ന്.

”ലോക സിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രം” അല്‍ഫോണ്‍സിന്റെ വാക്കുകള്‍ അതേപടി പകര്‍ത്തി ഗോള്‍ഡിന്റെ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. അതേസമയം, റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ ഒ.ടി.ടി റൈറ്റുകള്‍ വിറ്റു പോയതെന്ന വിവരം നേരത്തെ എത്തിയിരുന്നു. ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ തമിഴ്, കന്നഡ ഓവര്‍സീസ് വിതരണാവകാശം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സ്വന്തമാക്കിയത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

പൃഥ്വിരാജിനും നയന്‍താരയ്ക്കും ഒപ്പം ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. അപ്പോ പിന്നെ നാളെ കാണാം.