സുരാജിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ; നായികാ കഥാപാത്രം ഇല്ലാത്തതിനെ കുറിച്ച് അലന്‍സിയര്‍

ഹെവനില്‍ സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് (WCC) ആരെയും കിട്ടാത്തതിനാലാണ് സിനിമയില്‍ നായികാ കഥാപാത്രം ഇല്ലാതെപോയതെന്ന പരിഹാസവുമായി അലന്‍സിയര്‍ (Alencier). പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിഹാസരൂപേണയുള്ള അലന്‍സിയറിന്റെ മറുപടി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും ജാഫര്‍ ഇടുക്കിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ചിത്രത്തില്‍ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം. വിനയപ്രസാദ് തന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തന്റെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു.

ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും. സുരാജ് പറയുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ ഇടപെടല്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. ഇദ്ദേഹത്തിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ, അലന്‍സിയര്‍ പറഞ്ഞു.

സുരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിജ, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‌മണ്യന്‍, ഉണ്ണി ഗോവിന്ദ്‌രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍.