ജോജു ജോര്‍ജിന്റെ ദ്വിഭാഷ ചിത്രം 'അദൃശ്യം' ചിത്രീകരണം പൂര്‍ത്തിയായി

ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആയ ജുവിസ് പ്രൊഡക്ഷന്‌സ്, യു എ എന്‍ ഫിലിം ഹൗസ് , എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരുമായി ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അദൃശ്യ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നൂറുദിവസത്തിലധികം നീണ്ടു നിന്ന ചിത്രീകരണം ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. ജോജു ജോര്‍ജ്, നരേന്‍,ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്നിന്ത്യന്‍ നടി കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അദൃശ്യത്തിനുണ്ട്. ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമായിരുന്നു കൊവിഡ് കാലത്തെ ചിത്രത്തിന്റെ ചിത്രീകരണം എന്ന് സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു.ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റുമാണ്.