നടി ലെനയ്ക്ക് കോവിഡ്

Advertisement

നടി ലെനയ്ക്ക് കോവിഡ്. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഫൂട്പ്രിന്റ്‌സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ലെന. കേരളത്തിലേക്ക് വരുന്നതിനിടയിലാണ് ലെന ബംഗ്ലൂരില്‍ ഇറങ്ങിയത്.

കോവിഡിന്റെ വകഭേദമാണോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാവുകയുള്ളു. ബംഗ്ലൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനിലാണ് ലെന ഇപ്പോള്‍. പൂനയിലെ വൈറോറളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്- ഇന്ത്യന്‍ ചിത്രമാണ് ഫൂട്പ്രിന്റ്‌സ് ഓണ്‍ ദ വാട്ടര്‍. നിമിഷ സജയന്‍, ആദില്‍ ഹുസൈന്‍, ഇംഗ്ലീഷ് താരം അകീല്‍ അന്റോണിയോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടനിലാണ് നടന്നത്.

ആദില്‍ ഹുസൈന്റെ രണ്ടാം ഭാര്യ ആയാണ് ലെന ചിത്രത്തില്‍ വേഷമിടുന്നത്. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് തിരക്കഥ ഒരുക്കുന്നത്. മകളെ കാണാതാകുമ്പോള്‍ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്.