നിര്‍മ്മാതാവിന് എതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി നടന്‍ വിശാല്‍

നിര്‍മ്മാതാവ് ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് വിശാല്‍ പരാതി നല്‍കിയത്. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മ്മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു.

സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതായി താരം പറയുന്നു.

പിന്നീട് രേഖകള്‍ കാണാനില്ലെന്നാണ് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിശാലിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇരുമ്പു തിരൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം പണം വാങ്ങിയത്. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. 14.5 കോടിക്ക് തമിഴ്‌നാട് തിയേറ്റര്‍ അവകാശം വിറ്റ ചിത്രം 105 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരുന്നു.