വിജയ് രാഷ്ട്രീയത്തിലേക്ക്? ആരാധക കൂട്ടായ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടന്‍ വിജയ്യുടെ ആരാധകരുടെ സംഘടന . ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്്, ഒമ്പത് തീയതികളില്‍ നടക്കുന്നത്.

ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തംനിലയില്‍ എന്നവിധം മത്സരിക്കണമെന്നാണ് നിര്‍ദേശം.

ആദ്യഘട്ടത്തില്‍ 128 പേര്‍ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കള്‍ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറല്‍ സെക്രട്ടറി ആനന്ദ് നടത്തിയ ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ മത്സരിക്കാനാണ് അനുമതിയെന്നാണ് വിശദീകരണം.

തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തം നിലയില്‍ എന്നവിധം മത്സരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍. കോലമാവ് കോകില’യും ‘ഡോക്ടറും’ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. ‘സര്‍ക്കാരി’നു ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈനിന്റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.