ട്രെന്‍ഡ് മാറ്റിപ്പിടിക്കാന്‍ മോഹന്‍ലാല്‍; 360-ാം സിനിമ തരുണ്‍ മൂര്‍ത്തിക്കൊപ്പം

കരിയറില്‍ പുതിയ മാറ്റങ്ങളുമായി മോഹന്‍ലാല്‍. യുവസംവിധായകര്‍ക്കൊപ്പം തന്നെ തുടരാനാണ് താരത്തിന്റെ പുതിയ തീരുമാനം. കരിയറിലെ 360-ാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. യുവസംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷം മറ്റൊരു പുതിയ സംവിധായകനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്നത്. അതേസമയം, 2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘നേര്’ ആണ് മോഹന്‍ലാലിന്റെ ഒരേയൊരു ഹിറ്റ് ചിത്രം. മരക്കാര്‍, ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു.

എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ‘മലൈകോട്ടൈ വാലിബന്‍’ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്സ് ഓഫീസില്‍ ദുരന്തമാവുകയായിരുന്നു. തുടക്കം മുതലേ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ്, ഡീഗ്രേഡിംഗ് പ്രചാരണങ്ങളായിരുന്നു ഇതിന് കാരണം.