‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി’; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

കമ്മട്ടിപ്പാടത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ബാലേട്ടനിലൂടെ അദ്ദേഹത്തെ തേടിയെത്തി. അലമാര, ഈട, വര്‍ണ്യത്തില്‍ ആശങ്ക, കാര്‍ബണ്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും ബ്രഹ്മാണ്ഡ ചിത്രം പേട്ടയിലും മാമാങ്കത്തിലും വരെ മണികണ്ഠന്‍ അഭിനയിച്ചു. ഇപ്പോഴിതാ ഒരു വീട് സ്വന്തമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠന്‍.

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം…’ പാലുകാച്ചലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മണികണ്ഠന്‍ കുറിച്ചു.

നാലാം വര്‍ഷമാണ് സ്വന്തമായി വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കിയത്. രാജീവ് രവിയുടെ തുറമുഖം ആണ് മണികണ്ഠന്റെ പുതിയ ചിത്രം.