സിനിമയിലും തല്ലുകൊള്ളണോ നിനക്ക് ? അമ്മ ചോദിക്കും: ഇന്ദ്രൻസ്

സിനിമയിൽ താൻ തല്ലുകൊള്ളുന്നത് കാണുന്നത് പോലും അമ്മയ്ക്ക് സങ്കടമാകുമായിരുന്നെന്ന് നടൻ ഇന്ദ്രൻസ്. അമ്മയുടെ മരണത്തിനു ശേഷം ​ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് താരം അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ഞാൻ അഭിനയിച്ച സിനിമകൾ ഇടയ്ക്ക് മാത്രമേ അമ്മ കാണുകയുള്ളു.

പത്രത്തിൽ സിനിമയെ കുറിച്ച് വാർത്ത വരുമ്പോൾ എന്റെ പേര് കാണുകയാണങ്കിൽ നിന്റെ പേര് രണ്ടു മൂന്നിടത്ത് കണ്ടന്നൊക്കെ അമ്മ വിളിച്ചു പറയുമായിരുന്നു. ഞാൻ സിനിമയിൽ തല്ലുകൊള്ളുന്ന സീനൊക്കെ കാണുമ്പോൾ അമ്മയ്ക്ക് പെട്ടന്ന് വിഷമം വരും. ‘മാനത്തെ കൊട്ടരം’ എന്ന ചിത്രത്തിൽ എന്റെ തല മതിലിനോട് ചേർത്ത് വയ്ക്കുന്ന ഒരു സീനുണ്ടന്നും അത് കണ്ടപ്പോൾ നീ ഇതിനൊന്നും പോകണ്ടന്നാണ് അമ്മ പറഞ്ഞതെന്നും ഇന്ദ്രൻസ് പറഞ്ഞു.

എന്നാൽ സിനിമയുടെ ​ഗുട്ടൻസ് ഒക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞപ്പോൾ അമ്മ സിനിമ ആസ്വദിക്കാൻ തുടങ്ങിയെന്നും കുടുതൽ മനസ്സിലാക്കിയെന്നും ഇന്ദ്രൻസ് പറഞ്ഞു. പീന്നിട് മക്കൾ ഒക്കെ സംശയം ചോദിക്കുമ്പോൾ അമ്മയാണ് പറഞ്ഞു കൊടുക്കുന്നതെന്നും നടൻ വ്യക്തമാക്കി.

കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമത്തെ മകനാണ് ഇന്ദ്രൻസ്. അസുഖത്തെ തുടർന്നാണ് അമ്മ ​മരിച്ചത്. അമ്മയുമായി ഏറെ ആത്മബന്ധമുള്ള ഇന്ദ്രൻസ് തന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ചത് അമ്മയ്ക്ക് ആയിരുന്നു. അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നാണ് പുസ്തകം അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഇന്ദ്രൻസ് കുറിച്ചത്.