നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. ബാല ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തിന് ആദരം നല്‍കുന്നത്.

കോട്ടയത്ത് വെച്ച് പത്തൊമ്പതാം തിയതിയാണ് ബിരുദദാനച്ചടങ്ങ്. അമേരിക്കയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് വന്നത്.

സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്.

bala-actor

അതേസമയം, തമ്പി എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിലാകും ബാല ഇനി വേഷമിടുക. പുതിയമുഖം, എന്നു നിന്റെ മൊയതീന്‍, വീരം, പുലിമുരുഗന്‍, ലൂസിഫര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.