എമ്പുരാന് 400 കോടി ബജറ്റ്, പാന്‍ വേള്‍ഡ് ചിത്രമാണെന്ന് റിപ്പോര്‍ട്ട്

ലൂസിഫറിന്റെ അടുത്ത ഭാഗമായ എമ്പുരാന്‍ ആരംഭിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചിങ്ങം ഒന്നാം തിയ്യതി പ്രഖ്യാപിച്ചിരുന്നു. ചിത്രമെങ്ങനെയാണ് ഒരുങ്ങുക എന്നതിനെ കുറിച്ച് മൂന്ന് പേരും പറയുന്ന ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.

ആദ്യ ഭാഗത്തെക്കാള്‍ വലിയ ബഡ്ജറ്റിലായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി നിര്‍മ്മാതാക്കള്‍ ചെലവഴിക്കുക എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവുകയും പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്‍ടെര്‍റ്റെയിനറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.