'അന്ന് രാത്രി എ.ബി.വി.പിക്കാര്‍ എന്നെ വെട്ടി കൊല്ലുമായിരുന്നു'; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് എബിവിപിയുടെ ഭീഷണി ഉണ്ടായിരുന്നതായി ‘ടു മെന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍. കോളേജ് തെരഞ്ഞെടുപ്പില്‍ താന്‍ എസ്എഫ്ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച് ജയിച്ചിരുന്നു. അന്ന് രാത്രി താന്‍ വീട്ടില്‍ തങ്ങിയിരുന്നെങ്കില്‍ എബിവിപിക്കാര്‍ തന്നെ വെട്ടിക്കൊല്ലുമായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മാനുവലിന്റെ വാക്കുകള്‍

‘കോളേജ് തിരഞ്ഞെടുപ്പില്‍ ഞാന്‍ എസ്എഫ്ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച് ജയിച്ചിരുന്നു. വിജയിച്ച ആ രാത്രി ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ എന്നെ വെട്ടിക്കൊല്ലുമായിരുന്നു. അങ്ങനെ നാട് കടത്തിയതാണ് എന്റെ പപ്പ. നാട് കടത്തിയ ശേഷം അവിടെ പോയി കുഴി കുഴിച്ചിട്ടുണ്ട്.

ഞാന്‍ പറയുന്നത് തമാശയല്ല ശെരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം കഷ്ടപ്പെട്ടിട്ടാണ് വീണ്ടും തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കിയതും ബിസിനസ് തുടങ്ങിയതും. സംവിധായകന്‍ എം എ നിഷാദും ഇര്‍ഷാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ടു മെന്‍’.

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന ടു മെന്‍ എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്. നേരത്തെ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.