‘2018’ ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി

2018 എന്ന വർഷം മലയാളികൾ എല്ലാക്കാലത്തും ഓർക്കുന്നത് പ്രളയത്തിന്റെ ദുരിതങ്ങളോടെയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു അഭിമാന നേട്ടം കൂടി ചിത്രം കൈവരിച്ചിരിക്കുന്നു.  ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി ചിത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നു. എൻ. ഡി. ടി. വിയാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തിരിക്കുന്ന വാർത്ത സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്കാർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ. ഓസ്കാറിന്റെ അന്തിമ പട്ടികയിൽ ചിത്രം ഇടം പിടിക്കുമോ എന്നാണ് ഇനി ഓരോ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.