മലയാളത്തിന്റെ സ്വന്തം മലർ മിസ് ; കഥാപാത്രങ്ങളിലും വ്യത്യസ്തയായ സായ് പല്ലവി !

ചെറിയ കാലയളവിനുള്ളിൽ തെന്നിന്ത്യൻ സിനിമയിൽ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ നൃത്തചുവടുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. സിനിമകളിലെ നായികാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നായികമാരിൽ ഒരാളാണ് സായ് പല്ലവി. പ്രേമമെന്ന ആദ്യ ചിത്രത്തിലൂടെ മുഖം നിറയെ കുരുക്കളുമായി എത്തിയ മലര്‍ മിസ്സിനെ ഇന്നും മലയാളികൾ നെഞ്ചോട് തന്നെയാണ് ചേർത്ത് വച്ചത്. സായ് പല്ലവി എന്ന പേരിനേക്കാളും മലർ എന്ന പേരാണ് പ്രേക്ഷകരുടെ മനസിൽ ഇന്നുമുള്ളത്. അതിമനോഹരമായ പുഞ്ചിരിയും മെയ്വഴക്കത്തോടെയുള്ള നൃത്തചുവടുകളും ലളിതമായുള്ള വസ്ത്രധാരണവും സായ് പല്ലവിയോടുള്ള ഇഷ്ടം കൂട്ടുകയാണ് ചെയ്തത്.

പ്രേമമെന്ന അൽഫോൻസ് പുത്രൻ ചിത്രത്തിൽ മലർ എന്ന അധ്യാപികയായാണ് സായ് പല്ലവി നായികയായി അരങ്ങേറിയത്. ആദ്യ ചിത്രം ആയിരുന്നിട്ടും വളരെ സ്വാഭാവികമായാണ് താരം സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന് സായ് പല്ലവിയെ തേടി നിരവധി പ്രശംസകളാണ് എത്തുകയും ചെയ്തു. മലയാളത്തിലെ നായികാ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ ഒരാളാണ് സായ് പല്ലവി. മുഖകുരുക്കൾ നിറഞ്ഞ ഒരു നായികയായി അഭിനയിച്ച സായിയെ മലയാളികളടക്കം ഏറ്റെടുക്കുകയാണ് ചെയ്തത്. എന്നാൽ മുഖക്കുരുവിന്റെ കാര്യത്തില്‍ താൻ അപകര്‍ഷത്വാബോധം അനുഭവിച്ചിരുന്നു എന്നും പ്രേമം റിലീസ് ചെയ്ത ശേഷമാണ് യഥാര്‍ത്ഥ സൗന്ദര്യം ആത്മവിശ്വാസമാണെന്ന് മനസിലാക്കിയത് എന്നും താരം പിന്നീട് പറയുകയും ചെയ്തിരുന്നു. ജോർജ് എന്ന കഥാപാത്രത്തിന് മലർ എന്ന അധ്യാപികയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സമീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് കലി. സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമായ ചിത്രത്തിൽ പഠനത്തിൽ നിന്ന് ഒരു മാസത്തെ ഇടവേള എടുത്താണ് താരം അഭിനയിച്ചത്. വളരെ ദേഷ്യക്കാരനായ സിദ്ധാർഥ് കഥാപാത്രത്തെ വിവാഹം കഴിക്കുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് സായ് പല്ലവി അഭിനയിച്ചത്. അഭിനേത്രി എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവ് വീണ്ടും ഒരിക്കൽ കൂടി പ്രേക്ഷകർ ചിത്രത്തിലൂടെ നേരിട്ടു കണ്ടു. സായ് പല്ലവി അഭിനയിച്ച സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു 2020ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങി ആന്തോളജിയായ ‘പാവ കഥൈകൾ’ എന്ന ചിത്രത്തിലേത്. പാവ കഥൈകളിലെ വെട്രിമാരൻ സംവിധാനം ചെയ്ത ‘ഊർ ഇരവ്’ എന്ന കഥയിൽ സുമതി എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിച്ചത്. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്ന സുമതി നാളുകൾക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. സുമതിയുടെ ഓരോ ഭാവാഭിനയങ്ങളും ഗംഭീരമായാണ് സായ് പല്ലവി അവതരിപ്പിച്ചത്.

രാഹുൽ സാംകൃത്യായൻ സംവിധാനം ചെയ്ത് 2021ൽ റിലീസായ ശ്യാം സിങ്ക റോയ് എന്ന സിനിമയിലെ സായ് പല്ലവിയുടെ കഥാപാത്രം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ചിത്രത്തിൽ നാനിയാണ് നായകനായെത്തിയത്. ശ്യാം എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന ദേവദാസിയുടെ വേഷത്തിലാണ് ചിത്രത്തിൽ സായ് എത്തിയത്. സായ് പല്ലവിയും നൃത്ത രംഗവും നാനിയുടെ ആക്ഷൻ രംഗങ്ങളും തന്നെയാണ് ശ്യാം സിങ്ക റോയിയിലെ മുഖ്യ ആകർഷണം. ദേവദാസിയായി എത്തുന്ന സായ് പല്ലവിയുടെ നൃത്ത രംഗങ്ങൾ പ്രേക്ഷക മനസുകൾ കീഴടക്കിയിരുന്നു. 2022ൽ പുറത്തിറങ്ങിയ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർ​ഗി എന്ന കഥാപാത്രവും വ്യത്യസ്തമായിരുന്നു. തന്റെ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ ​ഗാർ​ഗി എന്ന അധ്യാപിക നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ​സിനിമയിലുടനീളം ഗാർഗി അനുഭവിക്കുന്ന വികാരങ്ങളെ അതേ പടി പ്രേക്ഷകരിൽ എത്തിക്കാൻ താരത്തിന് കഴിഞ്ഞു.

അതേസമയം, വിജയ് നായകനാകുന്ന ‘ലിയോ’ ചിത്രത്തില്‍ സായ് പല്ലവിയുമുണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തു വന്നിരുന്നു. എന്നാല്‍ സിനിമയിലെ ഓഫര്‍ താരം നിരസിക്കുകയാണ് ചെയ്തത്. തുനിവ് അടക്കമുള്ള നിരവധി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും താരം നിരസിച്ചിരുന്നു. തന്റേതായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ നടി കൂടിയാണ് സായ് പല്ലവി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും മുഖസൗന്ദര്യ വസ്തുക്കളുടെയും മറ്റും പരസ്യങ്ങളില്‍ നിന്നുള്ള അവസരങ്ങൾ തേടിയെത്തിയിട്ടും പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും കോടികളൊന്നും വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.