'ആഗ്രഹിച്ചത് ടീച്ചറാകാൻ, അപ്രതീക്ഷിതമായി സിനിമയിലേക്ക്'; മാലിനി പ്രിയപ്പെട്ട കഥാപാത്രമെന്ന് അനു സിത്താര

ഒരുപിടി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ താരമാണ് അനു സിത്താര. രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയും, ക്യാപ്റ്റനിലെ അനിതയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുകയാണ് താരം.

സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ വളരെ സന്തോഷവതിയാണെന്ന് അനു പറയുന്നു, “ചെറുപ്പം തൊട്ടേ സിനിമകൾ കാണാനും അഭിനയിക്കാനും ഇഷ്ടമായിരുന്നു, പക്ഷേ ഒരിക്കൽപ്പോലും ഭാവിയിൽ സിനിമാ താരമാവുമെന്ന് കരുതിയിരുന്നില്ല, ഭാവിയിൽ എന്താകണമെന്ന് ചോദിക്കുമ്പോൾ ടീച്ചറാകണം എന്നായിരുന്നു ഞാൻ പറഞ്ഞ മറുപടി”.

“സിനിമ എന്നത് എപ്പോഴും അകലെയാണ്, എങ്ങനെ അവിടെ എത്തിപ്പെടണമെന്നും സിനിമാ നടിയാകണമെന്നും അറിയില്ലായിരുന്നു, എന്നാൽ കാലം എനിക്ക് അത്തരമൊരു ഭാഗ്യം കാത്തുവെച്ചു. കുട്ടിക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന മമ്മൂക്കയും, ലാലേട്ടനെയും പോലെ ഒരുപാട് പേരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു, കൂടാതെ ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചു. അങ്ങനെ ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം സന്തോഷം നൽകുന്നതാണ്.” താരം പറഞ്ഞു.

ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനിയെയാണ്. നായികാ പ്രാധാന്യമുള്ള, നല്ല പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ മാലിനിയോട് എപ്പോഴും ഒരു ഇഷ്ടക്കൂടുതലുണ്ട്.” അനു സിത്താര പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുന്നതിൽ സങ്കടം തോന്നാറുണ്ടെന്നും, സിനിമയും നൃത്തവും രണ്ടും ഒരുപോലെ പ്രിയപ്പെട്ട കാര്യങ്ങളാണെന്നും അതിലേതാണ് കൂടുതൽ താല്പര്യമെന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ലെന്നും താരം പറഞ്ഞു.

സിനിമ എത്ര കാലം കൂടെയുണ്ടാവുമെന്ന് പറയാൻ കഴിയില്ല, എന്നാൽ നൃത്തം അങ്ങനെയല്ല എപ്പോഴും കൂടെയുണ്ടാവുമെന്നും, എപ്പോൾ വേണമെന്ന് തോന്നിയാലും തനിക്ക് നൃത്തം ചെയ്യാനാകുമെന്നും മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ  അനു സിത്താര വെളിപ്പെടുത്തി.

അനു സിത്താരയെയും വിനയ് ഫോർട്ടിനെയും പ്രധാനകഥാപാത്രങ്ങളാക്കി സർജു രെമകാന്ത് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ ‘വാതിൽ’ ആണ് അനുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.  സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി ഗോവിന്ദരാജാണ് ചിത്രം നിർമ്മിക്കുന്നത്.