പുനീത് രാജ് കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം തുടരാന്‍ വിശാല്‍; താരം ഏറ്റെടുത്തത് 1800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസമാണ് നടന്‍ വിശാല്‍ ഏറ്റെടുത്തത്. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രി-റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ അദ്ദേഹം നോക്കി നടത്തിയിരുന്നു. ആ കര്‍ത്തവ്യം ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. -വിശാല്‍ പറഞ്ഞു.

‘പുനീത് നല്ലൊരു നടന്‍ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനയം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അത് തുടരും.’-വിശാല്‍ വ്യക്തമാക്കി.

Read more

വിശാല്‍-ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.