'ഞാനാണ് പാസ്‌വേഡ് മോഷ്ടിച്ചതെന്ന് പറഞ്ഞു, ഇനി വണ്ടി ഓടിക്കാന്‍ പറ്റില്ല'; ഇരയാക്കപ്പെട്ടു എന്ന് വിനോദ് കോവൂര്‍

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള ശ്രമം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അനധികൃതമായി ലൈസന്‍സ് പുതുക്കാന്‍ നസീറ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിയ ശ്രമമാണ് സൈബര്‍ പൊലീസ് കൈയോടെ പിടികൂടിയത്.

ഇതോടെ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് തൊണ്ടിമുതലായി പിടിച്ചെടുത്തിരിക്കുകയാണ്. ആ ലൈസന്‍സ് റദ്ദാക്കിയാല്‍ മാത്രമേ ഇനി പുതിയ ലൈസന്‍സ് എടുക്കാന്‍ സാധിക്കുകയുള്ളു. അത്രയും കാലം തനിക്ക് വണ്ടി ഓടിക്കാന്‍ പറ്റില്ലെന്നും താന്‍ ഇരയാക്കപ്പെടുക ആയിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിനോദ് കോവൂര്‍.

താത്കാലികമായി എന്തെങ്കിലും സജ്ജീകരണം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം കൊടുത്തിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. അതേസമയം, ചില തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ടത് ഏറെ വിഷമിപ്പിച്ചെന്ന് നടന്‍ പറയുന്നു.

Read more

കൈയില്‍ കാശുള്ളതു കൊണ്ട് താന്‍ ഇങ്ങനെ കൃത്രിമം കാട്ടുമെന്നൊക്കെ രീതിയില്‍ പല കമന്റുകളും വന്നു. താനാണ് പാസ്‌വേഡ് മോഷ്ടിച്ചതെന്നു വരെ പ്രചാരണമുണ്ടായി. അതൊക്കെ സങ്കടപ്പെടുത്തി എന്ന് നടന്‍ പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ തന്നെ വിളിച്ചു ക്ഷമ ചോദിച്ചു. അയാളുടെ മകനാണ് കൃത്രിമം കാട്ടിയതെന്ന് പറഞ്ഞതായും വിനോദ് കോവൂര്‍ വ്യക്തമാക്കി.