ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ അദ്ദേഹം പറഞ്ഞത്..: വിനീത് ശ്രീനിവാസന്‍

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിനെ കാസ്റ്റ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് സംസാരിച്ചത്.

”ചിത്രത്തില്‍ ലോകേഷ് കനകരാജ് ഒരു വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. ലിയോ ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു അദ്ദേഹം. ഇപ്പോള്‍ അഭിനയിക്കുന്നതിന് കുറിച്ച് ആലോചിക്കാന്‍ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

”ഒരു സംവിധായകന്റെ സ്‌ട്രെസ് എനിക്ക് മനസിലാകും. അങ്ങനെ ആണ് ആ കഥാപാത്രത്തെ ചിത്രത്തില്‍ കലേഷ് അവതരിപ്പിക്കുന്നത്” എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, ഏപ്രില്‍ 11ന് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസിന് ഒരുങ്ങുന്നത്.

കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിവിന്‍ പോളി സിനിമയില്‍ കാമിയോ വേഷത്തില്‍ എത്തുന്നുമുണ്ട്.

മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ആറ് പാട്ടുകളുടെയും ഓഡിയോ പുറത്തുവന്നിരുന്നു.