ജാതിയും മതവും, മനുഷ്യമൂല്യത്തെ കുറിച്ച് സംസാരിക്കുന്നതാണ് സിനിമയുടെ പൊളിറ്റിക്‌സ്: വിനയ് ഫോര്‍ട്ട്

വിനയ് ഫോര്‍ട്ടിനെ നായകനാക്കി ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ചിത്രം നാളെ റിലീസിനെത്തുകയാണ്. ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരിക്കും സിനിമയെന്ന് വ്യക്തമായിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. മനുഷ്യ മൂല്യത്തിനാണ് ചിത്രം പ്രാധാന്യം നല്‍കുന്നത്, അതാണ് ചിത്രത്തിന്റെ പൊളിറ്റിക്‌സെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

“”വളരെ ശക്തമായിട്ടുള്ള ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന ഒരു സിനിമയായിരിക്കും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. മനുഷ്യനാണ് മൂല്യം, മനുഷ്യത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ് സിനിമയുടെ പൊളിറ്റിക്‌സ്. ജാതിയും മതവും അല്ലെങ്കില്‍ സ്‌പോര്‍ട്‌സും ആര്‍ട്‌സും എല്ലാം ഒരു നല്ല മനുഷ്യനാകാനും നല്ല ജീവിതം ലഭിക്കാനുമുള്ള കാരണം മാത്രമായിരിക്കണം. പരസ്പരം വിദ്വേഷം കൊണ്ടു നടക്കാതെ, വഴക്കിടാതെ, കുറ്റപ്പെടുത്താതെ പരസ്പരം ക്ഷമിച്ചും സഹിച്ചും പൊറുത്തും വളരെ സമാധാനമായി പരസ്പരം സ്‌നേഹിച്ച് ജീവിക്കുക എന്ന ശക്തമായ ഒരു പൊളിറ്റിക്‌സ് ആണ് സിനിമ സംസാരിക്കുന്നത്”” എന്ന് വിനയ് ഫോര്‍ട്ട് സൗത്ത്‌ലൈവിനോട് വ്യക്തമാക്കി.

അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്.