മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍?; 'കേശു'വിനെ ചൂണ്ടിക്കാട്ടി വിജയ് സേതുപതിയുടെ മറുപടി

വിജയ് സേതുപതി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറ്റെടുത്തത്. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് മക്കള്‍ സെല്‍വന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ മലയാളത്തിലെ മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സേതുപതി നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മക്കള്‍ സെല്‍വന്റെ ശ്രദ്ധേയമായ പരാമര്‍ശം.

മലയാളത്തില്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടനെന്നായിരുന്നു വിജയ്‌യോടുള്ള ചോദ്യം. അത് ഇതുവരെ നിങ്ങള്‍ക്കും മനസിലായിട്ടില്ലേ എന്ന് മറുചോദ്യം ചോദിച്ച വിജയ് ഉപ്പും മുളകിലെയും കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അല്‍സാബിത്തിനെ ചൂണ്ടിക്കാട്ടിയാണ് മറുപടി പറഞ്ഞത്. ആ കുട്ടി പോലും ചിത്രത്തില്‍ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടി. എല്ലാവരും നന്നായി അഭിനയിക്കുന്നവരാണെന്നും വിജയ് സേതുപതി വ്യക്തമാക്കി.

ചിത്രത്തില്‍ ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അല്‍സാബിത്താണ്. സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.