യഥാര്‍ത്ഥ സംഭവുമായി ബന്ധമുള്ള സിനിമയാണ് വലിയ പെരുന്നാള്‍: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാള്‍ റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവുമായി ബന്ധമുള്ള സിനിമയാണ് വലിയ പെരുന്നാളെന്നാണ് ഷെയ്ന്‍ പറയുന്നത്.

“ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കാര്യമാണ്. റിയല്‍ സ്റ്റോറിയുമായി ബന്ധപ്പെടുത്തി സിനിമാറ്റിക്കായി അത് അവതരിപ്പിച്ചിരിക്കുകയാണ്. കുറേ റിയലിസ്റ്റിക് മൂവ്‌മെന്റുകള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഫൈറ്റും ഡാന്‍സുമൊക്കെ സെലിബ്രേറ്റ് ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തന്നെ വിശ്വസിക്കുന്നു.” ക്ലബ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. അന്തരിച്ചു പോയ പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജന്‍.