അത് ബാലയ്യ ഫാന്‍സിന് വേണ്ടി മാത്രം ചെയ്തതാണ്, പക്ഷെ ആളുകള്‍ വിമര്‍ശിച്ചത് എന്തിനാണെന്ന് അറിയില്ല: ഉര്‍വശി റൗട്ടേല

നന്ദമൂരി ബാലകൃഷ്ണയും ഉര്‍വശിയും റൗട്ടേലയും ഒന്നിച്ച ‘ഡാകു മഹാരാജ്’ ചിത്രത്തില്‍ ഏറെ ചര്‍ച്ചയായത് ‘ഡബിഡി ഡിബിഡി’ എന്ന ഗാനമാണ്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്ന വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ഗാനരംഗത്തിലെ വിചിത്രമായ സ്‌റ്റെപ്പുകള്‍ വള്‍ഗര്‍ ആണെന്നും കൊറിയോഗ്രാഫര്‍ ആരാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി റൗട്ടേല ഇപ്പോള്‍. ഈ ഗാനം ബാലയ്യ ആരാധകര്‍ക്ക് വേണ്ടി മാത്രം ഒരുക്കിയതാണ് എന്നാണ് ഉര്‍വശി പറയുന്നത് ”ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ നന്നായിരുന്നു. സാധാരണ ഒരു ഗാനത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പോലെ ആയിരുന്നു ഇതിനും ചെയ്തത്. നാലാമത്തെ തവണയാണ് ശേഖര്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്.”

”അതുകൊണ്ട് അസാധാരണമായി എന്തെങ്കിലും ചെയ്യുന്നത് പോലെ തോന്നിയില്ല. എല്ലാം നന്നായി തന്നെ നടന്നു. പക്ഷെ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആളുകള്‍ എന്തുകൊണ്ടാണ് ഗാനം കണ്ട് ഇങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ആളുകള്‍ ഇങ്ങനെ കാണുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല” എന്നാണ് ഉര്‍വശി പറയുന്നത്.

”ഞാന്‍ ഒരു സിനിമയില്‍ സൈന്‍ ചെയ്യുമ്പോള്‍ സംവിധായകനെ വിശ്വസിക്കുക മാത്രമാണ് ചെയ്യുക, അതാണ് എന്റെ നിലപാട്. ഒരിക്കല്‍ സിനിമയില്‍ സൈന്‍ ചെയ്തു കഴിഞ്ഞാല്‍ സംവിധായകന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല” എന്നാണ് ഉര്‍വശി പറയുന്നത്. അതേസമയം, ഡാകു മഹാരാജ് 115 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ജനുവരി 12ന് ആണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. ചിത്രം ഒടിടിയില്‍ ഫെബ്രുവരി 9ന് സ്ട്രീം ചെയ്യും എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോബി ഡിയോള്‍, പ്രഗ്യ ജയ്‌സ്‌വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദ്‌നി ചൗധരി, ദീപ്‌രാജ് റാണ, റിഷി, ആടുകളം നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Read more