'പല അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാല്‍ കോപിക്കുമെന്ന്'; അവഗണനകളെ കുറിച്ച് ഊര്‍മ്മിള ഉണ്ണി

ഒരു നര്‍ത്തകിയുടെ ആത്മരോദനം എന്ന ക്യാപ്ഷനോടെ നടിയും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. കലാകാരന്‍മാരോടുള്ള അവഗണനയെ കുറിച്ചാണ് ഊര്‍മ്മിളയുടെ വാക്കുകള്‍. തങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞാലും പണം ചോദിച്ച് വാങ്ങണം, നൃത്തം കഴിഞ്ഞാല്‍ പണം ചോദിക്കരുത് അത് ഇന്‍സല്‍ട്ട് ആണ്, അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാല്‍ കോപിക്കും എന്നിങ്ങനെ തരംതാഴ്ത്തലുകളെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.

ഊര്‍മിള ഉണ്ണിയുടെ കുറിപ്പ്:

ഒരു നര്‍ത്തകിയുടെ ആത്മരോദനം!
സത്യം പറയാല്ലോ .. പണം തന്നെ പ്രശ്‌നം!

കലാകാരന്മാരോടുള്ള അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിങ്ങളൊരു പലചരക്കുകടയില്‍ കയറിയാല്‍ സാധനം വാങ്ങിയാല്‍ ഉടന്‍ പണം കൊടുക്കണം, ഹോട്ടലില്‍ ഭക്ഷണം കഴിച്ചാലും ഉടനെ തന്നെ. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്ക് മാസം ആദ്യം ശമ്പളം കിട്ടും പ്രൈവറ്റു കമ്പനിക്കാര്‍ക്കും കിട്ടും. കൂലി പണിക്കാര്‍ക്ക് അതാതു ദിവസം തന്നെ പണം കിട്ടും. പക്ഷെ കലാകാരന്മാര്‍ക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാല്‍ ചോദിച്ചാലെ പണം കിട്ടു. അതും അവരുടെ വീട്ടാവശ്യങ്ങള്‍, സ്‌ക്കൂളാവശ്യങ്ങള്‍ എല്ലാം കഴിഞ്ഞ് മാസം പകുതിയാവുമ്പോള്‍ മാത്രം.

ഇപ്പോള്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പണത്തിനു ബുദ്ധിമുട്ടായി. പക്ഷെ അതു തുടക്കത്തില്‍ മാത്രം. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലും, ഹോട്ടലുകളിലും ഒരു തിരക്കു കുറവും ഇല്ല. പക്ഷെ ഡാന്‍സും, പാട്ടും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കുട്ടികളെ കിട്ടാതെയായി. മത്സരങ്ങള്‍ക്കു പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി. കാരണം ഈ വര്‍ഷം സ്‌ക്കൂളുമില്ല, യുവജനോത്സവവും ഇല്ല. മിടുക്കുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങി. അതൊന്നുമറിയാത്ത കുറേ പാവങ്ങളുണ്ട്. അവരുടെ കാര്യമാണ് കഷ്ടം. രണ്ടു ദിവസം മുന്‍പ് കണ്ണൂരില്‍ ഒരു നൃത്താധ്യാപകന്‍ സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ആത്മഹത്യ ചെയ്തു.

പിന്നെ കുറെ ഓണ്‍ലൈന്‍ നൃത്തോത്സവങ്ങള്‍ ഉണ്ട്. അതിലേക്ക് പലരും ക്ഷണിക്കും. ഡാന്‍സ് വേഷം വിസ്തരിച്ചു തന്നെ ധരിക്കണം. പുറകില്‍ കറുത്ത കര്‍ട്ടന്‍, നടരാജ വിഗ്രഹം, വിളക്ക് ഒക്കെ നിര്‍ബന്ധം. പക്ഷെ പണം പലരും കൊടുക്കില്ല. പണം ചോദിച്ചു പോയാല്‍ പിന്നെ അതു വഴക്കിലെ അവസാനിക്കു. മാത്രമല്ല നമ്മളറിയാതെ നമ്മുടെ ഐറ്റവും, പാട്ടും മോഷണം പോവുകയും ചെയ്യും ലക്ഷങ്ങള്‍ ചിലവാക്കി റെക്കോഡ് ചെയ്തവ ആരൊക്കെയോ കൈക്കലാക്കിയിരിക്കും.

എങ്കിലും കലയോടുള്ള ആവേശം കൊണ്ട് പാവങ്ങള്‍ ഒരു വേദിക്കായി പലരേയും സമീപിക്കും. പക്ഷെ പണം ചോദിക്കരുത് ഇന്‍സല്‍ട്ട് ആണത്രേ! പിന്നെ ചാരിറ്റി ” എന്നൊരു വാക്കും പറയും ! പല അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാല്‍ കോപിക്കും, ഉഗ്രമൂര്‍ത്തിയാണ് എന്നൊക്കെ… നൃത്താഭരണങ്ങളുടെയും, വസ്ത്രങ്ങളുടെയും വില കടക്കാരനോട് കടം പറയാന്‍ പറ്റില്ല എന്നൊക്കെയുള്ള കാര്യം ഓര്‍ക്കാതെ പാവം നര്‍ത്തകി കിട്ടിയതും വാങ്ങി മടങ്ങും, ദേവിയുടെ ഉഗ്രതയും ഓര്‍ത്ത്! അപ്പോഴും ജനസമുദ്രങ്ങളുടെ കയ്യടി അവരുടെ കാതില്‍ മുഴങ്ങും. അവര്‍ വേദിയില്‍ അലിഞ്ഞു ചേര്‍ന്ന് ഈശ്വരനു സമര്‍പ്പിച്ച കല യോര്‍ത്ത് അവള്‍ ആത്മ നിര്‍വൃതി പൂകും. അതാണ് കലാകാരിയുടെ സംതൃപ്തി !