കരൂരിൽ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ വിമർശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ പശ്ചാത്തപിക്കണമെന്നും പിഴവ് ആവർത്തിക്കാതെ നോക്കണമായിരുന്നുവെന്നും സത്യരാജ് പറഞ്ഞു. അതേസമയം സംഭവത്തിൽ സത്യരാജ് അനുശോചനവും രേഖപ്പെടുത്തി.
‘തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. പിഴവ് അറിയാതെ സംഭവിക്കുന്നതും. തെറ്റ് ചെയ്തവർ പശ്ചാത്തപിക്കണം. പിഴവ് ആവർത്തിക്കാതെ നോക്കണമായിരുന്നു’- സത്യരാജിന്റെ വാക്കുകൾ. അതേസമയം കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു.
അതേസമയം ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.







