'ജാതിയുടെ കോളത്തില്‍ മനുഷ്യജാതി എന്നെഴുതിയിട്ട് കാര്യമില്ല,അയാള്‍ എന്റെ മുഖത്തേക്ക് അപേക്ഷാ ഫോറം വലിച്ചെറിഞ്ഞു; തിലകന്‍ അന്ന് പറഞ്ഞത്

മലയാള സിനിമയിലെ പെരുന്തച്ചനാണ്് തിലകന്‍. തന്മയത്വത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്. ഇപ്പോഴിതാ തന്റെ കോളേജ് കാലഘട്ടത്തില്‍ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് ഒരിക്കല്‍ തിലകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. . ജാതിയുടെ പേരില്‍ താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയപ്പോള്‍ അഡ്മിഷന്‍ ഫോമില്‍ ജാതിയും മതവും എഴുതാത്തത്തിന്റെ പേരിലാണ് അപമാനം നേരിടേണ്ടി വന്നതെന്നാണ് തിലകന്‍ പറയുന്നത്.
‘എന്റെ പേര് പ്യൂണ്‍ ഉച്ചത്തില്‍ വിളിച്ചു, സുരേന്ദ്രനാഥ തിലകന്‍. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു. ആ കാവി നിറത്തിലുള്ള ജുബ്ബ ധരിച്ച ആളിനെ പോയി കാണാന്‍ പറഞ്ഞ് ഒരാള്‍ക്ക് നേരെ അയാള്‍ ചൂണ്ടി.

ഇത് തന്റെ അപേക്ഷ തന്നെയാണോ?’ അയാള്‍ ചോദിച്ചു.അതേ സാര്‍’ ഞാന്‍ പറഞ്ഞു. ഇതില് രണ്ട് കോളം പൂരിപ്പിക്കാന്‍ വിട്ടു പോയിട്ടുണ്ട്. കാസ്റ്റും റിലീജ്യണും.’അത് മനപൂര്‍വം വിട്ടതാണ് സാര്‍.’
‘ഞാനൊരു ശ്രീനാരായണ ഭക്തനാണ്.’ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നല്ലേ ഗുരു പഠിപ്പിച്ചിട്ടുള്ളത്.’ഇവിടെ അഡ്മിഷന് വേണ്ടി വന്നതാണോ, ആണെങ്കില്‍ മര്യാദയ്ക്ക് കാസ്റ്റും റിലീജ്യണും പൂരിപ്പിച്ച് തന്നാട്ടെ.’

‘സാര്‍ ആ എഴുതി വെച്ചിരിക്കുന്നത് നോക്കിക്കേ, ഒരു ജാതി ഒരു മതം എന്നല്ലേ’ഞാന്‍ പറഞ്ഞു. ‘ഇവിടെ പലതും എഴുതി വെച്ചന്നിരിക്കും, ഇവിടെ ചേരണമെങ്കില്‍ ഇത് പൂരിപ്പിച്ചു കൊണ്ട് വരണം’

എന്ന് പറഞ്ഞ് ആ അപേക്ഷാ ഫോറം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. എന്റെ രക്ഷകര്‍ത്താവായി വന്ന ട്രസ്റ്റ് മെമ്പര്‍ വന്ന് അനുനയത്തിലെങ്കിലും അല്‍പം ബലമായി എന്നെ മാറ്റി നിര്‍ത്തി. എന്നിട്ട് ആവശ്യം നമ്മുടേതല്ലേ, എന്താണെന്ന് വെച്ചാല്‍ എഴുതി കൊടുക്ക് എന്ന് പറഞ്ഞു. അദ്ദേഹം പറയുന്നു.