വലിയൊരു നഷ്ടം സംഭവിച്ചു, ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി; ദുല്‍ഖര്‍ സിനിമയിലെ അഭിനയത്തെക്കുറിച്ച് മനോജ് കെ ജയന്‍

ധാരാളം പൊലീസ് വേഷങ്ങള്‍ മനോജ് കെ.ജയന്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ടിലും പൊലീസ് വേഷമാണ് നടന്. അജിത് കരുണാകരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് . ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

മനോജ് കെ ജയന്റെ വാക്കുകള്‍

തിരക്കഥ വായിച്ചപ്പോള്‍ തന്നെ ക്ലൈമാക്‌സിലെ ആ ഇമോഷനല്‍ രംഗം മനസിലുടക്കിയിരുന്നു. അനുജന്‍ അരവിന്ദ് ആയി അഭിനയിക്കുന്ന ദുല്‍ഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസില്‍ കൃത്യമായ ധാരണയുണ്ട്. ആ സീന്‍ എടുക്കുന്നതിനു മുന്‍പ് റോഷന്‍ പറഞ്ഞു, ‘ചേട്ടാ… വളരെ സൂക്ഷ്മമായി ചെയ്താല്‍ മതി. മുഖത്ത് ഒരു ചലനം പോലും ആവശ്യമില്ല. വെറുതെ കണ്ണു നിറഞ്ഞിരുന്നാല്‍ മതി’ എന്നു പറഞ്ഞു. എന്തോ സാങ്കേതിക പ്രശ്‌നം മൂലം ആ ഷോട്ട് രണ്ടോ മൂന്നോ തവണ പോകേണ്ടി വന്നു.

അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു. കാരണം, ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി. റോഷന് വളരെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പക്ഷേ, എന്തോ ടെക്‌നിക്കല്‍ പ്രശ്‌നം മൂലം ആ ടേക്ക് ഉപയോഗിക്കാന്‍ പറ്റുമായിരുന്നില്ല. ലൈറ്റിന്റെയോ ക്യാമറയുടെയോ എന്തോ ഒരു പ്രശ്‌നം മൂലം ആ ഷോട്ട് റീടേക്ക് ആയി. ഇപ്പോള്‍ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട്.

സിനിമ എന്നു പറയുന്നത് അതാണല്ലോ! ക്യാമറയും ലൈറ്റും എല്ലാം പക്കാ ആകുമ്പോള്‍ അഭിനേതാക്കളുടെ പ്രശ്‌നം കൊണ്ട് റീടേക്ക് പോകേണ്ടി വരാം. തിരിച്ചും സംഭവിക്കാം. എല്ലാം ഒത്തു വരണം. എങ്കിലേ ഒരു ഷോട്ട് മനോഹരമാകൂ. ആ ഷോട്ട് മിസ് ആയതില്‍ റോഷന് നല്ല സങ്കടം ഉണ്ടായിരുന്നു. വലിയ മിസ് ആയി അതെന്ന് അദ്ദേഹം എപ്പോഴും പറയും.