മലയാളികളുടെ ആദരം സഹിച്ച് മടുത്തുവെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്നും പൊതുവേദിയില്‍ നിന്ന് താന്‍ എന്നേക്കുമായി പിന്‍വാങ്ങിയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് അറിയിച്ചു. മാതൃഭൂമി ഡോട്ട് കോമിന് അയച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാണിച്ചത്.
മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു. ദയവായി തന്നെ വെറുതേ വിടണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
ബാലചന്ദ്രന്‍ ചുള്ളിക്കാഡിന്റെ വാക്കുകൾ
‘ഈയിടെ ഗള്‍ഫിലെ ഒരു സംഘടനയുടെ ആള്‍ക്കാര്‍ക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാന്‍ പറഞ്ഞു: അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ മടുത്തു, എന്ന്.’ -ചുള്ളിക്കാട് പറഞ്ഞു.
‘രണ്ടുവര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി എന്നെ വല്ലാതെ ഒന്നാദരിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാന്‍ തീരുമാനിച്ചു, ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്കു വയസ്സായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല. ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക.’ -കവി തുടര്‍ന്നു. ‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവസാനിപ്പിച്ചത്.







