തമാശ എന്നോടൊപ്പം ഉള്ളതാണ് അത് ഒരിക്കലും മാറ്റി നിർത്താൻ പറ്റില്ല, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴിതാ പുതിയ കാലത്തെ സിനിമയെക്കുറിച്ചും സിനിമാ പ്രവർത്തകരെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് മനസ്സ് തുറന്നത്. മലയാള സിനിമയിൽ ഇന്ന് നിരവധി മികച്ച സംവിധായകരുണ്ട്. പലരുടെയും സിനിമ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ടെങ്കിലും. വളരെ അപൂർവം പേരെ ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്ഷനൊക്കെ വളരെ ​ഗംഭീരമായാണ് പല സംവിധായകരും എടുക്കുന്നത്.

ഹോം എന്ന സിനിമ താൻ നാല് പ്രാവശ്യം കണ്ടു. ആദ്യം താനതിൽ ഇൻവോൾവ് ചെയ്ത് കണ്ടു, രണ്ടാമത് എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും താനറിയാതെ അതിൽ ഇൻവോൾവ് ചെയ്ത് പോയി. പിന്നെയാണ് താൻ ഓരോ സീനും എടുത്ത് വെച്ച് നിരീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.അതുപോലെ  ഭയങ്കര രസമുള്ള സിനിമയാണ് മിന്നൽ മുരളിയും, നായാട്ടും. നായട്ട് കണ്ട് കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ട് പോവുന്ന സിനിമയാണതെന്നും സിദ്ദിഖ് പറഞ്ഞു.

മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകളിലൂടെയാണ് വന്നത്. പക്ഷെ ഇപ്പോഴത്തെ ജനറേഷന് ഒരു ഒതുങ്ങലുണ്ട്. അവർ അവരുടേതാതായ സർക്കിളിൽ നിന്നു കൊണ്ട് ഒതുങ്ങിയാണ് പല സിനിമകളും ചെയ്യുന്നത്. പക്ഷേ അത് അവരുടെ കരിയറിന് പിന്നീട് ദൂഷ്യം ചെയ്യും. അവർക്ക് പുറത്ത് വരാൻ പാടാവുന്ന വിധത്തിൽ ഒതുങ്ങിപ്പോവുന്നു എന്നും അദ്ദേഹം പറഞ്ഞു.

തമാശ തന്റെ സിനിമയിൽ നിന്നും പൂർണമായും മാറ്റി വെക്കാൻ പറ്റില്ല. കാരണം തമാശ തന്നോടൊപ്പം ഉള്ളതാണ്. ഒപ്പം വെറൊരു ജോർണറിൽ ഉള്ള കഥയാണ് അടുത്തത് ആലോചിക്കുന്നത്. തന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്. തമാശകൾ വളരെ കുറഞ്ഞ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്.

ലേഡീസ് ആന്റ് ജെന്റിൽമാൻ,ബി​ഗ് ബ്രദർ, ഫുക്രി പോലുള്ള സിനിമകളിലൊക്കെ തമാശ വളരെ കുറവാണ്. ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞിട്ടുണ്ട്. അതൊക്കെ പരി​ഗണിച്ചിട്ടാണ്  താൻ അടുത്ത സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നത്.  അതുപോലെ പല പുതുമുഖ സംവിധായകരും പഴയ കാല പ്രതിഭകളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ട്. അവർ മനസ്സിലാക്കേണ്ടത് ഇവർ ഇന്നെടുക്കുന്ന സിനിമ ഈ രൂപത്തിൽ ആയിരുന്നില്ല. പല പരീക്ഷണങ്ങളും നടത്തി അവരുടെ ജീവിതം അതിനകത്ത് ഹോമിച്ച് ആണ് ഇന്നത്തെ രൂപത്തിലുള്ള സിനിമയിലെത്തിയിരിക്കുന്നത്’

ഒരുപിടി ആളുകളുടെ ശ്രമത്തിന്റെ ഫലമാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. ഇതാണ് സിനിമ ബാക്കിയൊക്കെ ചവറാണ് എന്ന് ഏറ്റവും പുതിയ ആളുകൾ പറയുന്ന മനോഭാവം വളരെ വേദനാജനകമാണ്. അവരും നാളെ പഴയ തലമുറ ആവും. അവർക്ക് ശേഷം ഒരു തലമുറ വരാനുണ്ട്. അവർ ഇവരോട് ബഹുമാനം കാണിക്കണമെങ്കിൽ നമ്മൾ പൂർവികരോട് ബഹുമാനം കാണിക്കണമെന്നും സിദ്ദിഖ്  കൂട്ടിച്ചേർത്തു.