‘ഞങ്ങളൊക്കെ സിനിമ എഴുതുന്നത് ഹിറ്റാക്കാനാണ്, 1983-യും ഞാന്‍ സ്റ്റീവ് ലോപ്പസും ഞാന്‍ എഴുതിയിരുന്നെങ്കില്‍ ഇതിലും നന്നായേനെ’; ലാല്‍ ജോസിന് ശ്യാം പുഷ്‌കരന്റെ മറുപടി

ലാല്‍ ജോസിനു തിരക്കഥാകൃത്ത് ശ്യാം പു്ഷ്‌കരന്റെ മറുപടി.
‘മഹേഷിന്റെ പ്രതികാരം വളരെ ഡ്രാമയുള്ള സിനിമയാണ്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമയുണ്ടോ? ഞങ്ങളൊക്കെ സിനിമ എഴുതുന്നത് സിനിമ ഹിറ്റാക്കാനാണ്. കാണുന്നവര്‍ അതിനെ ന്യൂ ജനറേഷന്‍, റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു. അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല.’

റിയലിസ്റ്റിക് സിനിമകള്‍ വെറും തട്ടിപ്പാണെന്ന ലാല്‍ജോസിന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരം ഒരുപാടു ഡ്രാമയുള്ള സിനിമയാണെന്ന് ലാല്‍ ജോസ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിയലിസ്റ്റിക് സിനിമകളെ വിമര്‍ശിക്കുന്ന ലാല്‍ ജോസിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയ്ക്കും ഇട നല്‍കി. ലാല്‍ ജോസിന്റെ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായിരുന്നെന്നും അങ്ങനെയൊരു നായകനു രൂപം നല്‍കിയതിനെ പുകഴ്ത്താന്‍ അന്നാരും ഇല്ലായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു.

‘ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമം തോന്നാറുണ്ട്. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ ഇതിലും നന്നാക്കാന്‍ പറ്റുമായിരുന്ന സിനിമകളാണെന്നു തോന്നിയിരുന്നു. ‘വിക്രമാദിത്യന്‍’ എന്ന സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച നായികാ കഥാപാത്രം രണ്ടു നായകന്മാരില്‍ ആരോടൊപ്പം പോകാനും തയ്യാറായി നില്‍ക്കുന്നവളാണെന്ന തരത്തിലാണ്. വേണ്ട പോലെ പരിഗണിക്കുകയും എഴുതുകയും ചെയ്യാതെ പോയ കഥാപാത്രത്തിന് ഉദാഹരണമാണിത്’- ശ്യാം തുറന്നടിച്ചു. മീ ടൂവിനെ ഗൗരവമായി കാണുന്നു. ഡബ്ല്യു.സി.സിയുടെ നിലപാട് അക്കാര്യത്തില്‍ നാഴികക്കല്ലാണ്.- ആലപ്പുഴയില്‍ നടന്ന ഒരു പരിപാടിയില്‍ ശ്യാം പുഷ്‌കരന്‍ തുടര്‍ന്നു.